നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ അട്ടിമറ ശ്രമം ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സര്‍ക്കാരിനും വിചാരണക്കോടതിക്കും എതിരെയാണ് ഹര്‍ജി നല്‍കിയിരുന്നത്. തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു.

കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം സര്‍ക്കാര്‍ തള്ളിയിരുന്നു. അതിജീവിതയ്ക്ക് ഒപ്പമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതിനോട് അനുകൂല നിലപാടാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നടിയുടെ ആശങ്ക അനാവശ്യമാണ്. അവര്‍ ആവശ്യപ്പെട്ട ആളെ തന്നെയാണ് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നതെന്നും നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഡിജിപി കോടതിയെ അറിയിച്ചിരുന്നു.

അതിജീവിതയുടെ ആരോപണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടിയിരുന്നു. ഇത് അംഗീകരിച്ച കോടതി അന്വേഷണത്തിന് ഒന്നര മാസം കൂടി അനുവദിച്ചിട്ടുണ്ട്. തുടരന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം 30-ന് അവസാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം തേടിയത്.