എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ തടഞ്ഞത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ചന്ദനത്തോപ്പ് ഐടിഐയിൽ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്. എബിവിപിയുടേയും എൻഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് എസ്എഫ്ഐ പ്രവർത്തകരായ ഏഴു പേർക്കെതിരെ കേസെടുത്തത്.

ആയുധം കൊണ്ടുള്ള ആക്രമണം, മർദ്ദനം, മുറിവേൽപ്പിക്കൽ, അന്യായമായി സംഘം ചേരൽ, തടഞ്ഞു നിർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോഴായിരുന്നു കൃഷ്ണകുമാറിനെ എസ്എഫ്ഐ തടഞ്ഞത്. തുടര്‍ന്ന് എസ്എഫ്‌ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തേയും പിടിച്ചുമാറ്റിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ തടഞ്ഞത് എസ്എഫ്‌ഐയുടെ ഫാസിസമാണെന്ന് ജി കൃഷ്ണകുമാര്‍ പ്രതികരിച്ചിരുന്നു. ഏതോ നാട്ടിലുള്ള ചെഗുവേരക്ക് ഇവിടെ സ്വാഗതമുണ്ടെന്നും നാട്ടിന്റെ വികസനത്തിനായി പ്രതിജ്ഞയെടുത്ത നരേന്ദ്രമോദിയുടെ സ്ഥാനാര്‍ത്ഥിയെ തടയുകയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിലൂടെ ഒന്നും നേടാനാകില്ല, പരാജയഭീതിയാണ് ഇവര്‍ക്ക്. അതിനെ സംഘര്‍ഷത്തിലൂടെയല്ല നേരിടേണ്ടതെന്നും ഭയന്നോടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

Read more

ഞങ്ങള്‍ മൂന്ന് സ്ഥാനാര്‍ത്ഥികളും ഒരുമിച്ചിരുന്ന് രാവിലെ ഭക്ഷണം കഴിച്ചു. ഞങ്ങള്‍ക്കില്ലാത്ത പ്രശ്‌നമാണോ ഈ കൊച്ചുകുട്ടികള്‍ക്ക്. ആരാണ് ഇവരെ ഇളക്കി വിടുന്നത്. മോദിയുടെ പദ്ധതി കൊല്ലത്തും നടപ്പിലാക്കാനാണ് വന്നത്. താനും എംഎ വരെ പഠിച്ചതാണ്. അന്നൊന്നും പേടിച്ചിട്ടില്ല. പിണറായി വിജയന്‍ ഇത് ശ്രദ്ധിക്കണമെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.