ബി.ജെ.പി അഞ്ച് സീറ്റ് നേടും, സി.പി.എം കേരളത്തിലും തകര്‍ന്നടിയും: പ്രകാശ് ജാവദേക്കര്‍

കേരളത്തില്‍ വന്‍ കുതിച്ച് ചാട്ടത്തിനാണ് ബിജെപി ഒരുങ്ങുന്നതെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് അഞ്ച് സീറ്റ് കേരളത്തില്‍ ബിജെപിക്ക് ലഭിക്കുമെന്നും സിപിഐഎം കേരളത്തിലും തകര്‍ന്നടിയാല്‍ പോകുകയാണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ബിജെപിയ്ക്ക് എല്ലാ മണ്ഡലങ്ങളിലും വോട്ട് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ കേരള ജനത മോദി ഒറ്റത്തവണ അത്ഭുതം മാത്രമെന്ന് കരുതി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതി. എന്നിട്ടും വോട്ട് വിഹിതം വര്‍ധിപ്പിക്കാനായി. ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന്. മോദി ഒരു പക്ഷഭേതവും സംസ്ഥാനങ്ങളോട് കാണിക്കുന്നില്ല. ജാതി-മത -രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഇല്ലാതെയാണ് മോദി പോകുന്നത്, ഇത് കേരള ജനതയും മനസിലാക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇത് ബിജെപി ക്ക് അനുകുലമാകും.

ബ്രഹ്‌മപുരം കൂടുതല്‍ അഴിമതി കഥകള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. തന്റെ പക്കല്‍ തെളിവുകള്‍ ഉണ്ട്. ഘട്ടം ഘട്ടമായി എല്ലാം പുറത്ത് വരും. ബ്രഹ്‌മപുരം എല്‍ഡിഎഫ് യുഡിഎഫ് കൂട്ട് കെട്ടാണ്. ഉപകരാര്‍ ലഭിച്ചത് കോണ്‍ഗ്രസ് നേതാവിന്റെ മകനാണ്. ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. സിബിഐ അന്വേഷണം വേണം.

100 കണക്കിന് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നല്‍കേണ്ടി വന്ന സ്ഥലമാണ് കേരളം. സ്ഥാനാര്‍ത്ഥികള്‍ ആരെന്നത് കാത്തിരുന്ന് കാണാം. കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നേതാക്കള്‍ വരും. അതില്‍ ബിജെപിക്ക് ഒരു അത്ഭുതവുമില്ലെന്ന് ജാവദേക്കര്‍ പറഞ്ഞു. സിപിഐഎം കേരളത്തിലും തകര്‍ന്നടിയാല്‍ പോകുകയാണ്. കുറ്റകൃത്യം, അഴിമതി, കള്ളക്കടത്ത് എന്നിവയൊക്കായാണ് എല്‍ഡിഎഫ് മുഖമുദ്രയെന്നും പ്രകാശ് ജാവദേക്കര്‍ ട്വന്റി ഫോറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.