അരിക്കൊമ്പന്‍ പേടി: ഇടുക്കിയിലെ പതിമൂന്ന് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

മിഷന്‍ അരിക്കൊമ്പന്‍ സ്റ്റേ ചെയ്തതില്‍ പ്രതിഷേധിച്ചു ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ നാളെ ജനകീയ ഹര്‍ത്താല്‍ . അരിക്കൊമ്പനെ പിടികൂടിയില്ലങ്കില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ പ്രതിഷേധങ്ങളുണ്ടാകുമെന്ന് ജനകീയ സമതി മുന്നറിയിപ്പ് നല്‍കി.

ഹൈക്കോടതിയുടെ ഇടപെടല്‍ അനുകൂലമാകും എന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍. എന്നാല്‍ മിഷന്‍ അരിക്കൊമ്പന്‍ കോടതി സ്‌റ്റേ ചെയ്തതോട് കൂടി കൊമ്പന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന ഭയത്തില്‍ കഴിയുന്ന ശാന്തന്‍പാറ, ചിന്നക്കനാല്‍, പൂപ്പാറ മേഖലകളിലെ പ്രദേശവാസികള്‍ വലിയ പ്രതിഷേധവുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

മറയൂര്‍, കാന്തല്ലൂര്‍, വട്ടവട ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, ചിന്നകനാല്‍, ഉടുമ്പന്‍ ചോല, തുടങ്ങി 13പഞ്ചായത്തുകളിലാണ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാളുകളായി ആനപ്പേടിയില്‍ കഴിയുന്ന ഇവിടുത്തെ ജനങ്ങളെ രക്ഷിക്കാന്‍ ജൂഡീഷ്യറി പോലും അലംഭാവം കാണിക്കുന്നുവെന്നാണ് ജനങ്ങളുടെ പരാതി.

കുങ്കിയാനകളെ പാര്‍പ്പിച്ചിരുന്നിടത്തേക്ക് എത്തിയാണ് ചിന്നക്കനാല്‍ നിവാസികള്‍ പ്രതിഷേധിച്ചത്. വനം വകുപ്പിന്റെ ബാരിക്കേടുകള്‍ തകര്‍ക്കുകയുിം ചെയ്തു. അരിക്കൊമ്പനെ പിടികൂടുകയല്ലാതെ മറ്റ് പ്രതിവിധികള്‍ ഇല്ലെന്നും റേഡിയോ കോളര്‍ ശാശ്വത പരിഹാരമല്ല എന്നും ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് പറഞ്ഞു.
അതേ സമയം അരികൊമ്പന്‍ വിഷയത്തില്‍ വിദഗ്ധസമിതിയെ നിയമിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ തീരുമാനത്തിനനുസരിച്ച് നടപടികള്‍ സ്വീകരിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.