ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; എന്തിന് എതിര്‍ക്കണമെന്ന് കാനം രാജേന്ദ്രന്‍

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സംഭവത്തില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമനത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വിചാരണ നേരിടുന്നവര്‍ക്കും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും മാധ്യമങ്ങള്‍ എത്രത്തോളം സമയം നല്‍കുന്നുണ്ടെന്നും കാനം പറഞ്ഞു.

ഒരു തവണ വകുപ്പ് തല നടപടിയെടുത്ത ഉദ്യോഗസ്ഥനെ വീണ്ടും പദവികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആകില്ലെന്നും കേസ് കേസിന്റെ വഴിക്ക് പോകട്ടെ എന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം നിയമനത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച തീരുമാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് കളക്ടറേറ്റില്‍ ധര്‍ണ നടത്തിയിരുന്നു.

നിയമനത്തിന് എതിരെ പരസ്യപ്രതികരണവുമായി നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നിയമനം ആലപ്പുഴ ജില്ലയ്ക്ക് തന്നെ അപമാനമാണെന്ന് മുസ്ലീം ലീഗ് ജില്ല അധ്യക്ഷന്‍ എ.എം.നസീര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ കെ. എം ബഷീറിനെ മദ്യപിച്ചു വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ആലപ്പുഴ ജില്ലാ കളക്ടര്‍ ആയി നിയമിച്ച സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

Read more

മജിസ്റ്റീരിയല്‍ അധികാരമുള്ള ജില്ലാ കളക്ടര്‍ പദവിയിലേക്ക് കളങ്കിതനായ വ്യക്തിയെ നിയമിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും എ.എം.നസീര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാകമ്മിറ്റിയും പ്രതിഷേധം അറിയിച്ചു. ഈ തീരുമാനം റദ്ദാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.