എ.കെ.ജി സെന്ററിന് നേരെ ബോംബാക്രമണം: സംസ്ഥാനവ്യാപക പ്രതിഷേധം

എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രണത്തിന് പിന്നാല സംസ്ഥാന വ്യാപക പ്രതിഷേധം. തിരുവനന്തപുരത്തും ആലപ്പുഴയിലും, പത്തനംതിട്ടയിലും, കോഴിക്കോടും ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തി. കോട്ടയത്തും, അടൂരിലും തിരുവല്ലയിലും സിപിഐഎമ്മിന്റെ പ്രതിഷേധം നടന്നു.

കോട്ടയത്ത് ഡിസിസി ഓഫീസിന് നേരെ കല്ലേറ് ഉണ്ടായി. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സിപിഐഎം നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം. പത്തനംതിട്ടയില്‍ പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളുമുണ്ടായി. ആലപ്പുഴ നഗരത്തിലെ ഇന്ദിരാ ഗാന്ധി പ്രതിമയുടെ കൈ തകര്‍ത്തു. ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമുള്ള പ്രതിമയുടെ കൈയ്യാണ് തകര്‍ത്തത്.

എകെജി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കല്‍ ഭിത്തിയിലേക്കാണ് ഇരുചക്രവാഹനത്തിലെത്തിയ യുവാവ് ബോംബ് എറിഞ്ഞത്. ഇന്നലെ രാത്രി 11.25നാണ് ബോംബെറിഞ്ഞത്. എകെജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലാണ് ബോംബ് വീണത്. സ്‌ഫോടനം നടന്നതിന്റെ വലിയ ശബ്ദം കേട്ടാണ് പ്രവര്‍ത്തകര്‍ പുറത്തേക്ക് ഓടിയെത്തിയത്. ബോംബെറിയുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എകെജി സെന്ററിന് നേരെ ബോംബാക്രമണം നടത്തിയത് കോണ്‍ഗ്രസ് ആണെന്ന ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ രംഗത്ത് വന്നു. കോണ്‍ഗ്രസുകാര്‍ കുറെ നാളുകളായി ഇത്തരത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണെന്നും അതിന്റെ ബാക്കിപത്രമാണിതെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.