എ.കെ.ജി സെന്റര്‍ ആക്രമണം; പ്രതികളെ പിടകൂടുമെന്ന് ഉറപ്പുണ്ട്, പ്രതിഷേധം സമാധാനപരമായിരിക്കണമെന്ന് സീതാറാം യെച്ചൂരി

തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പ്രതികളെ ഉടന്‍ പിടകൂടുമെന്ന് ഉറപ്പുണ്ട്. സംഭവത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണം. ആരും പ്രകോപനങ്ങളില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.

അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങടക്കം അന്വേഷണസംഘം പരിശോധിക്കുകയാണ്. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനായാണ് തങ്ങള്‍ കാത്തിരിക്കുന്നത്. അതിനിടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും എന്ത് തന്നെയായാലും തങ്ങള്‍ സംയമനം പാലിക്കുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

അതേസമയം എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് തന്നെയാണെന്ന നിലപാട് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കോണ്‍ഗ്രസാണിത് ചെയ്തതെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. അതിന് കോണ്‍ഗ്രസ് നടത്തുന്ന അക്രമ സംഭവങ്ങളും കോണ്‍ഗ്രസിനെക്കുറിച്ചുള്ള പ്രാഥമികമായ അറിവും വിലയിരുത്തിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്റര്‍ ആക്രമണത്തിനെതിരെ തിരുവനന്തപുരത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more

കേരളത്തില്‍ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ലക്ഷകണക്കിന് ആളുകളാണ് എകെജി സെന്ററിനെ അവരുടെ ഹൃദയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. അത്തരമൊരു പാര്‍ട്ടി ആസ്ഥാനം ആക്രമിച്ചാല്‍ വലിയൊരു വികാരം ഉണ്ടാകും. അത് കേരളം മുഴുവന്‍ വ്യാപിപ്പിക്കാന്‍ കഴിയും. അതാണ് അവരുടെ ലക്ഷ്യം. അതുകൊണ്ട് തങ്ങള്‍ കനത്ത ജാഗ്രത പാലിക്കുകയാണ്. നാടിന്റെ സമാധാനം കാക്കാന്‍ തങ്ങള്‍ എല്ലാം സഹിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.