കുത്തേറ്റ അഖിലിനെയും ഉള്‍പ്പെടുത്തി അഡ്‌ഹോക് കമ്മിറ്റി; യൂണിവേഴ്‌സിറ്റിയില്‍ അടിമുടി മാറ്റത്തിനൊരുങ്ങി എസ്.എഫ്‌.ഐ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ നടത്തിയ കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഭാരവാഹികളായ പഴയ കമ്മിറ്റിക്ക് പകരം അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കി എസ്.എഫ്‌.ഐ

കേരള യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ എ. ആര്‍ റിയാസാണ് അഡ്‌ഹോക് കമ്മിറ്റിയുടെ ചെയര്‍മാന്‍. 25 അംഗ കമ്മിറ്റിയില്‍ കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥി അഖിലിനേയും ഉള്‍പ്പെടുത്തിയതാണ് ശ്രദ്ധേയമായ നീക്കം. എല്ലാ വകുപ്പുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളേയും കമ്മിറ്റിയില്‍ ചേര്‍ത്തിട്ടുണ്ട്.

അതിനിടെ അഖിലിന്റെ മൊഴി കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് പൊലീസ് രേഖപ്പെടുത്തി. തീവ്രപരിചരണത്തില്‍ കഴിയുന്ന അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് കന്റോണ്‍മെന്റ് സി.ഐ മൊഴി രേഖപ്പെടുത്തിയത്. എസ്.എഫ്‌.ഐക്കാര്‍ തടഞ്ഞുവെച്ച ശേഷം തന്നെ ശിവരജ്ഞിത്തും, നസീമും ചേര്‍ന്ന് ആക്രമിക്കുകയും ശിവരഞ്ജിത്ത് കുത്തിയെന്നും അഖില്‍ മൊഴി നല്‍കിയെന്നാണ് സൂചന. വിശദമായ മൊഴിയാണ് രേഖപ്പെടുത്തുന്നത്.