നടിയെ ആക്രമിച്ച കേസ്; വിചാരണാക്കോടതിക്കെതിരായ ആരോപണം പിൻവലിച്ച് അതിജീവിത, പരാതി ‘പ്രസ് ചെയ്യുന്നില്ല’ എന്ന് ഹൈക്കോടതിയിൽ

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതിക്കെതിരെ ഉന്നയിച്ച ആരോപണം പിൻവലിച്ച് അതിജീവിത. വിചാരണാക്കോടതി ജഡ്ജിക്കെതിരായ പരാതി ‘പ്രസ് ചെയ്യുന്നില്ല’ എന്ന് നടി ഹൈക്കോടതിയിൽ അറിയിച്ചു. മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലിരിക്കുന്ന കേസിൻ്റെ നടപടികൾക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിചാരണ കോടതി ജഡ്ജിക്കെതിരെ മുൻപ് ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു.ഇതിന് മറുപടിയായാണ് ഇല്ലെന്ന് നടിക്ക് വേണ്ടി ഹാജരായ അഡ്വ ടി.ബി. മിനി അറിയിച്ചത്.

വിചാരണാക്കോടതി ജഡ്ജിക്കെതിരെ ഗുരുതുര ആരോപണം ഉന്നയിച്ച് അതിജീവിത നേരത്തെ സുപ്രീം കോടതി വരെ പോയിരുന്നു. കോടതി മാറ്റണമെന്ന ആവശ്യം പക്ഷെ, ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിനെ തുടർന്ന് ജഡ്ജി ഹണി വർഗീസിന് മുന്നിൽ തന്നെ വിചാരണ തുടരുകയായിരുന്നു.

മുൻപ് സ്വീകരിച്ചിരുന്ന നിലപാടുകളിൽ നിന്ന് വിചാരണാക്കോടതി മാറിയെന്നും പരാതിക്കാരിക്ക് നീതിപൂർവമായ പരിഗണന കിട്ടുന്നുണ്ടെന്നും അതിനാലാണ് ഹൈക്കോടതിയിൽ നിലപാട് മാറ്റിയതെന്നും അഡ്വ ടി.ബി. മിനി മാധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം മെമ്മറി കാർഡ് ചോർന്നതിലും വിചാരണക്കോടതിയെയാണ് ഇതുവരെ നടി പ്രതിക്കൂട്ടിൽ നിർത്തിയിരുന്നത്. അക്കാര്യത്തിലും നടിയുടെ പുതിയ നിലപാട് ബാധകമായേക്കും.

മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള കേസിലെ നടപടികൾക്കിടെയാണ് നടിയുടെ അഭിഭാഷക ഇക്കാര്യം ഇന്ന് കോടതിയെ അറിയിച്ചത്. വാദംകേട്ട് മാറ്റിവച്ച കേസിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്ന് അറിയിച്ച് ജസ്റ്റിസ് കെ ബാബു ഇന്നത്തേക്ക് വയ്ക്കുകയായിരുന്നു. എന്നാൽ ഡൽഹിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകന് ഇന്ന് അസൌകര്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി.