നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങള്‍ കൈമാറിയ വി.ഐ.പി കോട്ടയം സ്വദേശിയായ വ്യവസായിയെന്ന് സൂചന

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ച് നല്‍കിയ വി.ഐ.പി യെ തിരിച്ചറിഞ്ഞതായി സൂചന. കോട്ടയം സ്വദേശിയായ വ്യവസായിയാണ് ബാലചന്ദ്രകുമാര്‍ ആരോപിക്കുന്ന വി.ഐ.പി എന്നാണ് അറിയുന്നത്. ഇയാളെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യവസായിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ദിലീപിന് പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എത്തിച്ച് കൊടുത്തത് ഒരു വി.ഐ.പി യാണെന്ന് ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ സൂചനയുണ്ടായിരുന്നു. 2017 നവംബര്‍ 15 ന് ദിലീപിന്റെ ആലുവയിലുള്ള വീട്ടില്‍ ഇയാള്‍ എത്തി ദൃശ്യങ്ങള്‍ ഏല്‍പ്പിച്ചുവെന്നായിരുന്നു മൊഴി. ഇതോടെ സംശയമുള്ളവരുടെ ചിത്രങ്ങള്‍ പൊലീസ് ആദ്യ ഘട്ടത്തില്‍ ബാലചന്ദ്ര കുമാറിനെ കാണിച്ചിരുന്നു. എന്നാല്‍ അവര്‍ അല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ദിലീപിന്റെ അടുത്ത് സൂഹൃത്താണ് വ്യവസായി. ഇയാള്‍ അടുത്ത ദിവസം തന്നെ വിമാന യാത്ര നടത്തിയതായും പൊലീസ് കണ്ടെത്തിയട്ടുണ്ട്. തുടര്‍ന്നാണ് അന്വേഷണം കോട്ടയത്തെ വ്യവസായിയിലേക്ക് നീണ്ടത്. പ്രവാസി മലയാളിയായ ഇയാള്‍ക്ക് വിദേശത്തും വ്യവസായ സംരംഭങ്ങളുണ്ട്. ഇയാളുടെ ശബ്ദ സാമ്പിള്‍ ബാലചന്ദ്രകുമാര്‍ പൊലീസിന് നല്‍കിയിരുന്നു. ഇത് കൂടി പരിശോധിച്ച് സ്ഥിരീകരിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കും. ഗൂഡാലോചന കേസില്‍ വി.ഐ.പിയെന്ന് വിളിക്കുന്ന ആളെ ആറാം പ്രതിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും ദിലീപിനെ ഉടന്‍ ചോദ്യം ചെയ്യും. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് പരിഗണിക്കുക. കേസില്‍ പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തും. 20ാം തിയതിയാണ് കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടത്.