നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹര്‍ജിയില്‍ അടച്ചിട്ട മുറിയില്‍ വാദം

നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും. വാദം ഇന്‍കാമറയായി കേള്‍ക്കണമെന്ന അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം സെഷന്‍സ് കോടതിയിലെ വിചാരണ നിര്‍ത്തിവെക്കണം എന്ന ആവശ്യം അടുത്ത തിങ്കളാഴ്ച പരിഗണിക്കും

ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. എന്നാല്‍, ഈ കേസ് മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷന്‍സ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്. ഇത് നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അതിജീവത ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേസില്‍ തീര്‍പ്പുണ്ടാക്കുന്നത് വരെ ജില്ലാ സെഷന്‍സ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക്ക് നീതി കിട്ടില്ലെന്നും ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

രണ്ടാം തവണയാണ് അതിജീവിതയുടെ ഹര്‍ജികളില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറുന്നത്. കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് നേരത്തെ കൗസര്‍ എടപ്പഗത്ത് പിന്മാറിയത്. എറണാകുളം സെഷന്‍സ് ജഡ്ജിയായിരിക്കെ കൗസര്‍ എടപ്പഗത്ത് നടി ആക്രമണ കേസ് പരിഗണിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിജീവിത തന്നെ ജഡ്ജിയുടെ മാറ്റം ആവശ്യപ്പെട്ടപ്പോഴായിരുന്നു അന്ന് പിന്മാറ്റം. അതിജീവിതയുടെ ആവശ്യപ്രകാരം മറ്റൊരു ബെഞ്ചായിരുന്നു പിന്നീട് കേസ് പരിഗണിച്ചത്.