സഹപ്രവര്‍ത്തകയായ അഭിഭാഷകയെ പീഡിപ്പിച്ചു, കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയായ അഭിഭാഷകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഹൈകോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ അറസ്റ്റില്‍. ആദായനികുതി വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലായ പുത്തന്‍കുരിശ് കാണിനാട് സൂര്യഗായത്രിയില്‍ അഡ്വ. നവനീത് എന്‍. നാഥിനെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റുചെയ്തത്. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വിവാഹ വാഗ്ദാനം നല്‍കി ഒരുമിച്ച് താമസിച്ചതായും ലോഡ്ജുകളില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നു. ഇതിനിടെ നവനീത് മറ്റൊരാളുമായി വിവാഹത്തിന് ഒരുങ്ങിയതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. ഇതിനെ യുവതി ചോദ്യം ചെയ്യുകയും ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.