ഭര്‍ത്താവിനെ ഭാര്യാകാമുകന്‍ കൊലപ്പെടുത്തിയ സംഭവം, 16 വയസ്സുകാരനെ ചോദ്യം ചെയ്തു

തൃശൂര്‍ ചേര്‍പ്പില്‍ അന്തര്‍ സംസ്ഥാന തൊഴിലാളിയായ മന്‍സൂര്‍ മാലിക്കിനെ കൊലപ്പെടുത്തിയ കേസില്‍ 16 വയസ്സുകാരനെയും ചോദ്യം ചെയ്തു. കേസിലെ പ്രതിയായ ധീരുവിനൊപ്പം താമസിക്കുന്നതാണ് ഈ കുട്ടി. കൊലയ്ക്ക് ശേഷം മൃതദേഹം കുഴിച്ചിടാനായി കൂട്ടു നിന്നുവെന്ന് കണ്ടെത്തിയതോടെയാണ് കുട്ടിയേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

മന്‍സൂര്‍ മാലിക്കിനെ കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ഭാര്യ രേഷ്മാ ബീവിയും അവരുടെ കാമുകനായ ധീരുവും ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സ്വര്‍ണപ്പണിക്കാരനായ മനസൂറിന്റെ സഹായിയായിരുന്നു ഇയാള്‍. കൊലപാതക വിവരം പുറത്ത് വന്നതോടെ രേഷ്മയുടെ കുട്ടികളേയും, 16 വയസ്സുകാരനേയും ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. ഇവിടെ നിന്നാണ് കുട്ടിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു രേഷ്മ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തയ്യാറായത്. ധീരുവിന്റെ സഹായത്തോടെ ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന് പരിസരത്ത് തന്നെ കുഴിച്ച് മൂടുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പിന്നീട് ചോദ്യംചെയ്യലില്‍ താനാണ് കൊലപ്പെടുത്തിയതെന്ന് രേഷ്മ കുറ്റസമ്മതം നടത്തി. ഭര്‍ത്താവുമായി ഉണ്ടായ വഴക്കിനിടെ തന്നെ അടിക്കാന്‍ എടുത്ത ഇരുമ്പുവടി പിടിച്ച് വാങ്ങി അടിച്ചുവെന്നാണ് രേഷ്മ പറഞ്ഞത്. എന്നാല്‍ മൊഴിയില്‍ അസ്വാഭാവികത തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൊലയിലെ ധീരുവിന്റെ പങ്ക് പുറത്ത് വന്നത.

മന്‍സുറിന് ധീരു മദ്യം നല്‍കി മയക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് രേഷ്മ വെളിപ്പെടുത്തി. ശേഷം മൃതദേഹം ബാത്ത്റൂമില്‍ ഒളിപ്പിച്ചിട്ട് അടുത്ത ദിവസമാണ് കുഴിച്ചു മൂടിയത്. മൃതദേഹം പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികളെ കഴിഞ്ഞ ദിവസം സംഭവ സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.