'കാനം പിണറായിയുടെ അടിമയെ പോലെ പ്രവര്‍ത്തിക്കുന്നു'; സിപിഐ ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അടി മയെ പോലെയാണ് കാനം പ്രവര്‍ത്തിക്കുന്നത്. എല്‍ദോ എബ്രഹാമിനെ പൊലീസ് തല്ലിയപ്പോള്‍ അദ്ദേഹം ന്യായീകരിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റുകള്‍ ന്യായീകരിക്കുകയാണ് സിപിഐ സെക്രട്ടറിയെന്നും പ്രതിപക്ഷത്ത് വരുമ്പോഴും കാനം ഇങ്ങനെ ന്യായീകരിക്കുമോ എന്നും സമ്മേളനത്തില്‍ ചോദ്യമുയര്‍ന്നു.

തെറ്റായ വിഷയങ്ങളില്‍ എതിര്‍ ശബ്ദങ്ങളോ വിമര്‍ശനങ്ങളോ ഉന്നയിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി തയ്യാറാകുന്നില്ല. തെറ്റുകള്‍ ആണെന്നറിഞ്ഞിട്ടും കാനം പിണറായിയെ ന്യായീകരിക്കുന്നതെന്തിനാണെന്നും വിമര്‍ശനമുയര്‍ന്നു. അതേസമയം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരെയും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

മന്ത്രിക്ക് ഫോണ്‍ അലര്‍ജിയാണ്. ഔദ്യോഗിക നമ്പരില്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കില്ല. മന്ത്രിക്ക് വകുപ്പിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നുമാണ് പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന വിമര്‍ശനം. ഇടതുപക്ഷ മുന്നണിക്ക് ചേരുന്ന തരത്തിലല്ല മന്ത്രി വീണാ ജോര്‍ജിന്റെ പെരുമാറ്റവും പ്രവര്‍ത്തനങ്ങളുമെന്നും സിപിഐ നേതാക്കള്‍ വിമര്‍ശിച്ചു.

Read more

ആരോഗ്യ വകുപ്പില്‍ മന്ത്രിക്ക് നിയന്ത്രണമില്ല. മുന്‍ മന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ല പേരും പ്രവര്‍ത്തനങ്ങളിലെ മികവും രണ്ടാം ഇടത് സര്‍ക്കാരില്‍ വീണ ജോര്‍ജ് ഇല്ലാതാക്കിയെന്നും സമ്മേളനത്തിലെത്തിയ പ്രതിനിധികള്‍ വിമര്‍ശിച്ചു. വീണാ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള തര്‍ക്കം മുന്നണിക്ക് നാണക്കേടുണ്ടാക്കി. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയതെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.