തിരഞ്ഞെടുപ്പ്‌ കാലത്തെ ഹിന്ദുത്വ പരിലാളനകള്‍

എന്‍ കെ ഭൂപേഷ്

കേരളത്തിന്റെ സമീപകാല തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും നിര്‍ണായകമായ ഒന്നാണ്‌ അടുത്തമാസം ആറിന്‌ നടക്കുന്നത്‌. അഞ്ച്‌ വര്‍ഷം ആര്‌ ഭരിക്കുമെന്നത്‌ സംബന്ധിച്ച്‌ എല്ലാ തിരഞ്ഞെടുപ്പുകളിലെയും പ്രാധാന്യത്തിനപ്പുറം, ഏപ്രില്‍ ആറിന്റെ വോട്ടെടുപ്പ്‌ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന കാര്യത്തില്‍ മുന്നണികള്‍ക്കും സംശയമില്ല. കേരളത്തില്‍ പതിറ്റാണ്ടുക‌ള്‍ക്ക്‌ ശേഷം ഒരു ഭരണതുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസമാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്‌ക്കുള്ളത്‌. അങ്ങനെയെങ്കില്‍ ദേശീയതലത്തില്‍ തന്നെ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന്‌ പോലും ഊര്‍ജ്ജം അത്‌ നല്‍കുമെന്ന്‌ ഇടതുപാര്‍ട്ടികള്‍ വിശ്വസിക്കുന്നു. മോദി സര്‍ക്കാരിനുള്ള യഥാര്‍ത്ഥ ബദല്‍ കേരളത്തിലേതായിരിക്കുമെന്ന്‌ ഒരിക്കല്‍ കൂടി ഉറപ്പിച്ച്‌ പറയാന്‍ ഇടതുപക്ഷത്തെ ആ വിജയം പ്രാപ്‌തമാക്കും. എന്നാല്‍ അതിലേക്കാളെറെ പ്രത്യാഘാതം ഇടതു തുടര്‍വിജയം ഉണ്ടാക്കാന്‍ പോകുന്നത്   കോണ്‍ഗ്രസ്‌ നയിക്കുന്ന യുഡിഎഫിലായിരിക്കും.

ഒരു പരാജയത്തെ കൂടി നേരിട്ട്‌ രാഷ്ട്രീയമായി മുന്നോട്ടു പോകാനുള്ള ശേഷി മറ്റിടങ്ങളിലെ പോലെ തന്നെ കോണ്‍ഗ്രസ്‌ പാർട്ടിക്കു ‌ കഴിയില്ലെന്ന്‌ ആ പാര്‍ട്ടിയുടെ തന്നെ നേതാക്കള്‍ പറയുന്നു. ഒരു പരാജയത്തെ അതിജീവിക്കാന്‍ ശേഷി കോണ്‍ഗ്രസിനുണ്ടാവില്ലെന്ന്‌ നേതാക്കളും പ്രവര്‍ത്തകരും ഒരു പോലെ ആശങ്കപ്പെടുന്നു. വാ പിളര്‍ന്നുനില്‍ക്കുന്ന ബിജെപിയിലേക്ക്‌, രാജ്യത്തെ മറ്റ്‌ ഇടങ്ങളില്‍ കണ്ടത്‌ പോലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഒഴുകുമെന്ന് ആ പാര്‍ട്ടിയുടെ തന്നെ നേതാക്കള്‍ ആശങ്കപ്പെടുന്നു. കഴിഞ്ഞതവണ നേടിയ ഒരു സീറ്റില്‍ നിന്ന് അപ്പുറത്തേക്ക്‌ വിജയം എത്തിച്ചാല്‍ അത്‌ കേരളത്തിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ല. ഇക്കാരണങ്ങള്‍ കൊണ്ട്‌ തന്നെ സമീപകാല തിരഞ്ഞെടുപ്പുകളില്‍ നിന്ന്‌ ഈ തിരഞ്ഞെടുപ്പ്‌ സംസ്ഥാനത്തെ സംബന്ധിച്ച്‌ നിര്‍ണായകമായിരിക്കും. തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേക്ക്‌ കടക്കാനിരിക്കെ, ഇത്രയും പ്രധാനപ്പെട്ട്‌ ഒരു തിരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗത്തേക്ക്‌ നോക്കിയാല്‍ എന്താണ്‌ കാണാന്‍ കഴിയുന്നത്‌. അരാഷ്ട്രീയതയെന്ന മാനിന്റെ വേഷം കെട്ടിയെത്തുന്ന ഫാസിസ്റ്റ്‌ മാരീചനും വര്‍ഗീയതയുമാണ് തിരഞ്ഞെടു‌പ്പ്‌ രാഷ്ട്രീയത്തെ കീഴടക്കാന്‍ ശ്രമിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ആരാണ്‌ കേരളത്തിലെ പ്രചാരണത്തെ വര്‍ഗീയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റാന്‍ ശ്രമിക്കുന്നത്‌. ശബരിമല മുതല്‍ മുസ്ലിം ഭീതി പടര്‍ത്താനുള്ള ശ്രമം വരെ ഇതിന്റെ ഭാഗമായുളളതാണ്‌. ലിംഗ സ്വത്വ രാഷ്ട്രീയത്തെ പോലും ഫാസിസ്റ്റ്‌ ശക്തികള്‍ക്ക്‌ കഴിയുന്ന തരത്തില്‍ ആക്കി മാറ്റുന്നത്‌ ഉദാര ലിബറല്‍ വാദികളുടെ നിഷ്‌കളങ്കമെന്ന്‌ തോന്നുന്ന ഇടപെടലുകളാണോ? കോര്‍പ്പറേറ്റ്‌ സ്‌പോണ്‍സേഡ്‌ രാഷ്ട്രീയ പാര്‍ട്ടിയെ കേവലമായി അരാഷ്ട്രീയമെന്ന്‌ പറഞ്ഞ്‌ അധിക്ഷേപിക്കുന്നതിലുടെ അവര്‍ക്കുള്ള മധ്യവര്‍ഗ ആള്‍ക്കൂട്ടത്തിലെ സ്വാധീനം ഇല്ലാതാക്കാന്‍ കഴിയുമോ. തിരഞ്ഞെടുപ്പ്‌ രംഗത്തെ ചില പ്രവണതകളിലൂടെ നോക്കിയാല്‍ കാണുന്നത്‌ ഫാസിസം പല രൂപങ്ങളിലും നടത്തുന്ന സ്വാധീനമാണ്‌. കേരളത്തില്‍ തിരഞ്ഞെടുപ്പുകളില്‍ കാര്യമായ ഒരു സ്വാധീനവും കിട്ടാതെ പോകുമ്പോഴും സംഘ്‌പരിവാര്‍ എങ്ങനെയൊക്കെയാണ്‌ കേരളത്തില്‍ വിജയിക്കുന്നതെന്നതിന്‌ വളരെ പ്രധാനപ്പെട്ട ചോദ്യമാണ്‌. സംഘ്‌പരിവാരം ജയിച്ചില്ലെങ്കിലും കേരളത്തിലെ മുഖ്യധാരയില്‍ അതിന്റെ ആശയങ്ങള്‍ക്കുണ്ടാകുന്ന സ്വാധീനത്തിന്‌ ഈ തിരഞ്ഞെടുപ്പ്‌ കാലവും തെളിവു നല്‍കുന്നുണ്ട്‌.

വര്‍ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടം കണ്‍കെട്ട്‌ വിദ്യയല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവന ഈ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്‌താവനകളില്‍ ഒന്നാണ്‌. ബിജെപിയുമായി സിപിഎം രഹസ്യബന്ധമുണ്ടാക്കിയിരിക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രസ്‌താവന. കേരളത്തിലെ തിരഞ്ഞെടുപ്പ്‌ രംഗത്ത്‌ കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി പ്രധാനപ്പെട്ട ഇരുമുന്നണികളും പരസ്‌പരം ഉന്നയിക്കുന്ന ആരോപണമാണ്‌ ബിജെപിയുമായുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ചുള്ളത്‌. രഹസ്യമല്ലാതെ പരസ്യമായി തന്നെ ബിജെപിയുമായി യുഡിഎഫ്‌ ബന്ധമുണ്ടാക്കിയ 1991 ലെ തിരഞ്ഞെടുപ്പ്‌ കഴിഞ്ഞിട്ട്‌ കൃത്യം 30 വര്‍ഷമായി . കോലിബി സംഖ്യം എന്ന അധിക്ഷേപ വിളിക്ക്‌ കാരണമായത്‌ യുഡിഎഫും ബിജെപിയും ലീഗുമുണ്ടാക്കിയ അന്നത്തെ തിരഞ്ഞടുപ്പ്‌ സഖ്യമാണ്‌. ഇപ്പോഴും പരസ്യമായില്ലെങ്കിലും രഹസ്യമായി ബിജെപി ബന്ധമുണ്ടെന്ന്‌ ആരോപണം ഉന്നയിക്കപ്പെടുന്നു. ദൂരൂഹമായ സാഹചര്യങ്ങളില്‍ മൂന്ന്‌ മണ്ഡലങ്ങളിലെ ബിജെപിയുടെ പത്രികകള്‍ തള്ളി പോകുന്നു. എന്നാല്‍ ഇത്തവണ സീറ്റ്‌ കിട്ടാതെ പോയ ഒരു സംഘ്‌പരിവാര്‍ സൈദ്ധാന്തികന്‍ ബാലശങ്കര്‍ സിപിഎം ബിജെപി രഹസ്യ ബന്ധത്തെ കുറിച്ചാണ്‌ ആരോപണം ഉന്നയിച്ചത്‌.

കേരളത്തില്‍ ബിജെപിയുടെ ത്രഞ്ഞെടുപ്പ്‌ രംഗത്തെ വളര്‍ച്ചയെ കുറിച്ചുള്ള ആകാംക്ഷയും ആശങ്കയും പതിറ്റാണ്ടുകള്‍ മുമ്പ്‌ തന്നെയുണ്ട്‌. മഞ്ചേശ്വരം പോലുള്ള മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാപക നേതാവ്‌ കെ ജി മാരാര്‍ ജയത്തോടടുത്ത്‌ നില്‍ക്കുന്ന മല്‍സരവും പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തന്നെ കാഴ്‌ച വെച്ചിട്ടുണ്ട്. 2016 ലെ തിരഞ്ഞെടുപ്പില്‍ അവിടെ ബിജെപിയുടെ കെ സുരേന്ദ്രന്‍ തോറ്റത് 89 വോട്ടുകള്‍ക്കാണ്‌. പിന്നീട്‌ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അവരുടെ തോല്‍വിയുടെ ആഘാതം കൂടിയെന്നത്‌ മറ്റൊരു കാര്യം. ഇക്കാലമത്രയുമായി ബിജെപിക്ക്‌ കേരളത്തില്‍ ജയിക്കാന്‍ കഴിഞ്ഞത്‌ ഒരു നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ്‌. ഒരു പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ മാത്രമാണ്‌ രണ്ടാമതെത്താന്‍ കഴിഞ്ഞത്‌. എന്നിട്ടും ബിജെപി കേരളത്തിലെ പ്രബല ശക്തിയാവുന്നതെങ്ങനെയെന്നതാണ്‌ ചോദ്യം. അതിനുള്ള ഉത്തരം ബിജെപി കേരളത്തില്‍ ഇതുവരെ വിജയിച്ചു പോന്നത്‌, തിരഞ്ഞെടുപ്പ്‌ രംഗത്തായിരുന്നില്ല മറിച്ച്‌ അതിന്റെ ആശയപരമായ സ്വാധീനത്തിലൂടെയാണെന്നതാണ്‌. അതിന്റെ കൂടെ ബലത്തിലാണ്‌ അവര്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ്‌ രംഗത്തെ വിജയത്തിന്‌ വേണ്ടി പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നത്‌. കക്ഷിരാഷ്ട്രീയ മല്‍സരത്തിലെ ഇടതുപക്ഷമുള്‍പ്പെടെയുള്ള എതിരാളികള്‍ ബിജെപിയുടെ പ്രത്യയശാസ്‌ത്രപരമായ സ്വാധീനത്തെ കുറിച്ച്‌ അജ്ഞത നടിക്കുകയാണെന്നതാണ്‌ കേരളം നേരിടുന്ന ഒരു വലിയ പ്രശ്‌നം. സംഘ്‌പരിവാറിന്റെ ഹിന്ദുത്വവാദവുമായി പൊരുത്തപ്പെട്ട്‌ പോകുന്ന ഒരു വലിയ വിഭാഗം കോണ്‍ഗ്രസിലുണ്ടെന്നതു കൊണ്ട്‌ തന്നെ ആ വിഭാഗത്തെ സംബന്ധിച്ച്‌ അത്‌ വളരെ സ്വാഭാവികമായി കാണാം. അതാണ്‌ വിമോചന സമരത്തിലും കോലിബീ സഖ്യത്തിലും ശബരിമലയിലെ സവര്‍ണ കലാപത്തിലും കണ്ടത്‌.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ പിന്നീട്‌ അധികം വൈകാതെ ആര്‍ എസ്‌ എസ്‌ അതിന്റെ പ്രവര്‍ത്തന മേഖല കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്ന്‌ കേരളമായിരുന്നു. പിന്നീട്‌ ആര്‍ എസ്‌ എസ്‌ കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ഉപയോഗിച്ചത്‌ പല രീതിയിലുള്ള വ്യാജ പ്രചാരണങ്ങളിലുടെയും ആക്രമണങ്ങളിലൂടെയുമായിരുന്നു. ഇതിന്‌ തലശ്ശേരി കലാപം മുതല്‍ ഇപ്പോഴും ഉന്നയിക്കുന്ന ലവ്‌ ജിഹാദ്‌ ആരോപണം വരെ അവര്‍ ഉപയോഗിക്കുകയും ചെയ്യുന്നു.

തിരഞ്ഞെടുപ്പുകള്‍ ഭൂരിപക്ഷ സമൂദായത്തിന്റെ പൊതുബോധത്തെ ലാളിക്കാനുള്ളതാണെന്നും അങ്ങനെ ചെയ്യലാണ്‌ വിജയത്തിലേക്കുള്ള എളുപ്പ വഴിയെന്നും ഇന്ത്യയില്‍ ആദ്യം കാണിച്ച പാര്‍ട്ടികള്‍ കോണ്‍ഗ്രസും ബിജെപിയുമാണ്‌. ബിജെപിയുടെ ആദ്യരൂപമായ ജനസംഘിന്‌ ശക്തിയില്ലാത്ത ഘട്ടത്തില്‍ പോലും ഗോ വധ നിരോധനങ്ങള്‍ നടപ്പിലാക്കിയും മറ്റും ഇത്‌ മിക്ക സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസുകാര്‍ നടപ്പിലാക്കി. പിന്നീട്‌ 1980കളില്‍ കോണ്‍ഗ്രസിന്റെ ഈ സമീപനം കൂടുതല്‍ ശക്തിപ്പെട്ടു. അങ്ങനെ ബാബ്‌്‌റി പള്ളിയുടെ പൂട്ട്‌ ഹിന്ദുത്വ വാദികളെ പ്രീണിപ്പിക്കാന്‍ തുറന്നുകൊടുത്തു. ആര്‍ എസ്‌ എസിന്റെ പിന്തുണ ഉറപ്പാക്കിയാണ്‌ രാജീവ്‌ ഗാന്ധി അങ്ങനെ ഒരു സമീപനം സ്വീകരിച്ചതെന്ന്‌ വെളിപ്പെടുത്തലുമുണ്ടായി. അതിന്‌ ശേഷം പള്ളി പൊളിക്കുന്നതില്‍ ഇടപെടാതെ കോണ്‍ഗ്രസ്‌ ഭരണകൂടം ഹിന്ദുത്വത്തിന്‌ കൂട്ടുനിന്നു. ഇങ്ങനെ പിന്നീട്‌ കണ്ടത്‌ ഹിന്ദുത്വത്തെ ലാളിക്കാന്‍ കോണ്‍ഗ്രസ്‌ നടത്തിയ ശ്രമങ്ങളാണ്‌. ദേശസുരക്ഷയുമായി ബന്ധപ്പെട്ട്‌ എടുത്ത നടപടികള്‍ പോലും അത്തരത്തിലുള്ളതായിരുന്നു. എന്തിന്‌ ഗുജറാത്ത്‌ വംശഹത്യ പോലും തിരഞ്ഞെടുപ്പില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ്‌ പിന്നീട്‌ ശ്രമിച്ചിട്ടില്ല. അത്‌ ഹിന്ദുക്കളെ അസ്വസ്ഥരാക്കുമോ എന്നായിരുന്നു ഗ്രാന്റ്‌ ഓള്‍ഡ്‌ പാര്‍ട്ടിയുടെ ഭയം. ഗോ ശാലകളുടെ കണക്ക്‌ പറഞ്ഞാണ്‌ മധ്യപ്രദേശിലൊക്കെ കോണ്‍ഗ്രസ്‌ തിരഞ്ഞെടുപ്പിനെ നേരിട്ടത്‌. അങ്ങനെയുള്ള ഒരു പാര്‍ട്ടിക്ക്‌ കേരളത്തില്‍ മാത്രമായി എന്തെങ്കിലും ഭിന്നമായ രാഷ്ട്രീയ അസ്‌തിത്വം ഉണ്ടാകുക സാദ്ധ്യമല്ല. അതാണ്‌ കേരളം 2018 ല്‍ കണ്ടത്‌. വിമോചന സമരത്തിന്‌ ശേഷം കേരളം കണ്ട ഏറ്റവും പ്രതിലോമകരമായ സമരം കേരളത്തില്‍ സാധ്യമാക്കിയത്‌ സംഘ്‌പരിവാര്‍ മാത്രമായിരുന്നില്ല. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ അത്തരത്തിലൊരു സാമൂഹിക അശ്ലീല സമരം കേരളത്തില്‍ നടന്നത്‌. കോണ്‍ഗ്രസിന്റെ ചരിത്രം നോക്കുമ്പോള്‍ അതില്‍ അത്ഭുതമില്ല. എന്നാല്‍ ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കുമെന്ന എല്ലായ്‌പ്പോഴും ഉദ്ധരിക്കുന്ന വാക്കുകള്‍ ശരിയാവുന്നതിന്റെ ദുരന്ത ചിത്രമാണ്‌ കേരളത്തില്‍ ഇപ്പോള്‍ കാണുന്നത്‌. സുപ്രീംകോടതി വിധി നിയമമാണെന്നും അത്‌ നടപ്പിലാക്കാന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന ഏത്‌ സര്‍ക്കാരും ബാദ്ധ്യസ്ഥമാണെന്നും പറഞ്ഞ ഇടതുപക്ഷം, ഇപ്പോള്‍ പറയുന്നു, സുപ്രീംകോടതി വിധിയെന്തായാലും അത്‌ നടപ്പിലാക്കുന്നതിന്‌ മുമ്പ്‌ എല്ലാവരുമായും ചര്‍ച്ച നടത്തുമെന്ന്‌. ദേവസ്വം മന്ത്രി ശബരിമല വിധിയിലും അത്‌ നടപ്പിലാക്കാനും ശ്രമിച്ചതിലും ഖേദവും പ്രകടിപ്പിക്കുന്നു. വോട്ട്‌ രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദത്തില്‍ പെട്ട്‌ നേരത്തെ സൂചിപ്പിച്ച ഭൂരിപക്ഷ സമൂദായത്തിന്റെ പ്രതിലോമകരമായ പൊതുബോധത്തെ താലോലിക്കാന്‍ തീരുമാനിക്കുകയാണ്‌ ഇടതുപക്ഷം ഈ ദിവസങ്ങളില്‍ ചെയ്‌തു കൊണ്ടിരിക്കുന്നത്‌. ഇവിടെയാണ് സംഘ് ‌പരിവാരം വിജയിക്കുന്നത്‌. തിരഞ്ഞെടുപ്പില്‍ കിട്ടുന്ന സീറ്റിലുടെയല്ല, മറിച്ച്‌ തങ്ങളുടെ പ്രതിലോമകരമായ ആശയങ്ങള്‍ വിറ്റഴിക്കാന്‍ പറ്റുന്ന സമൂഹമാക്കി കേരളത്തെയും അവര്‍ക്ക്‌ മാറ്റാന്‍ പറ്റുന്നുവെന്നതിലേക്കാണ്‌ ഇടതുപക്ഷത്തിന്റെ ചുവടുമാറ്റം കേരളത്തെ എത്തിച്ചിട്ടുള്ളത്‌. ശബരിമല മാത്രമല്ല, മുസ്ലിം ലീഗിനെ പോലും വര്‍ഗീയ കക്ഷിയായി അധിക്ഷേപിച്ചു കൊണ്ടും യുഡിഎഫിനെ നയിക്കുന്നത്‌ മുന്ന്‌ മുസ്ലിം പേരുകാരാണെന്നുളള സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന്റെ പ്രസ്‌താവനയുമൊക്കെ കേരളത്തില്‍ ഹിന്ദുത്വത്തെ പരിലാളിക്കാന്‍ മാത്രം ലക്ഷ്യമിട്ടുള്ളതാണ്‌. ഇത്തരം പ്രസ്‌താവനകള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ചലനങ്ങളുടെ പ്രയോജനം ഒരു രാഷ്ട്രീയ മൂലധനമായി മാറുന്നത്‌ ഹിന്ദുത്വ ശക്തികള്‍ക്കായിരിക്കും എന്നിടത്താണ്‌ വോട്ടിന്‌ വേണ്ടിയുളള സിപിഎമ്മിന്റെ നിലപാടു മാറ്റങ്ങള്‍ മതേതര ബോധത്തെ മുറിപ്പെടുത്തുന്നത്‌.

കേരളത്തിലെ പ്രബലമുന്നണികളുടെ ചില മേഖലകളിലെ ഇടപെടലുകള്‍ എങ്ങനെ സംഘ്‌പരിവാരത്തിന്റെ രാഷ്ട്രീയത്തെ പരോക്ഷമായി സഹായിക്കുന്നുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരമായിട്ടാണ്‌ ശബരിമല ചൂണ്ടിക്കാട്ടിയത്‌. രാഷ്ട്രീയകക്ഷികള്‍ മാത്രമല്ല, മറിച്ച്‌ ലിബറലുകള്‍ എന്നു കരുതുന്നവര്‍ നടത്തുന്ന ഇടപെടലുകളും ഹിന്ദുത്വ ബോധത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണെന്നതിനും ഈ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ ഉദാഹരണമുണ്ട്‌. ബിജെപിയിലെ അധികാര തര്‍ക്കത്തിനുള്ളില്‍ ലിംഗ രാഷ്ട്രീയത്തിന്റെ സാദ്ധ്യതകള്‍ തേടിയാണ്‌ നിഷ്‌കളങ്കരായ ചില ലിബറലുകള്‍ ശോഭാ സുരേന്ദ്രന്‍ എന്ന ഹിന്ദുത്വവാദിയുടെ സ്വീകാര്യത കൂട്ടാന്‍ കൂട്ടുനിന്നത്‌. ഹിന്ദുത്വ വാദ രാഷ്ട്രീയത്തിനുള്ളില്‍ സ്‌ത്രീ രാഷ്ട്രീയത്തിനിടമുണ്ടെന്ന അപകടകരമായ സ്വത്വനിലപാടുകളില്‍ നിന്നുകൊണ്ടാണ്‌ ശോഭാ സുരേന്ദ്രന്‍ എന്ന ഹിന്ദുത്വ നേതാവിന്‌ ചില ലിബറല്‍ വാദികള്‍ വിസിബിലിറ്റി കൂട്ടി കൊടുത്തത്‌. ഫാസിസത്തിന്റെ ചക്രവാളത്തില്‍ നീതിയുടെയും സമത്വത്തിന്റെയും രാഷ്ട്രീയത്തിനിടമില്ലെന്ന്‌ വസ്‌തുത മറച്ചു പടിച്ചാണ്‌ ശോഭാ സുരേന്ദ്രനെന്ന സ്‌ത്രീക്കുവേണ്ടിയുള്ള ലിബറല്‍ വെപ്രാളങ്ങള്‍!

കേരളത്തില്‍ ബിജെപിയ്‌ക്ക്‌ സ്വീകാര്യത കൈവന്നത്‌ ടെലിവിഷന്‍ ചാനലുകളില്‍ ആ പാര്‍ട്ടിയുടെ പ്രതിനിധികളെ ചർച്ചയ്‌ക്ക്‌ വിളിച്ചിരുത്തി ഉണ്ടാക്കിയെടുത്ത വിസിബിലിറ്റി കൊണ്ടാണെന്നത്‌ കഴിഞ്ഞ കുറെക്കാലമായി ഉണ്ടാകുന്ന മാധ്യമ വിമര്‍ശനങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ടെലിവിഷന്‍ ചാനലുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇവിടെ ഹിന്ദുത്വ രാഷ്ട്രീയം ക്ലച്ച്‌ പിടിക്കില്ലായിരുന്നോ? പല രീതിയിലും കേരളത്തിന്റെ മുഖ്യധാരയില്‍ കടന്ന കൂടാന്‍ ശ്രമിച്ചവരാണ്‌ സംഘ്‌പരിവാറുകാര്‍. അതിന്‌ അവര്‍ക്ക്‌ കോര്‍പ്പറേറ്റ്‌ മാധ്യമങ്ങളുടെ പിന്തുണ പല രീതിയില്‍ കിട്ടിയിട്ടുമുണ്ട്‌. ഇപ്പോഴും പല രൂപത്തിലും കിട്ടുകയും ചെയ്യുന്നുണ്ട്‌. എന്നാല്‍ ഹിന്ദുത്വത്തിന്റെ കേരളത്തിലെ വളര്‍ച്ചയ്‌ക്ക്‌ കാരണം മാധ്യമങ്ങള്‍ മാത്രമാണെന്ന്‌ വിലയിരുത്തലാണ്‌ പ്രശ്‌നം. കേരളത്തില്‍ ടെലിവിഷന്‍ ചാനലുകള്‍ സജീവമാകുന്നതിന്‌ മുമ്പ്‌ തന്നെ മഞ്ചേശ്വരത്ത്‌ ബിജെപി ജയത്തിനടത്ത്‌ എത്തിയിട്ടുണ്ട്‌. 1984 ല്‍ തിരുവനന്തപുരത്ത്‌ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന കേരള വര്‍മ്മ രാജയ്‌ക്ക്‌ ലക്ഷത്തിലേറെ വോട്ട് കിട്ടിയപ്പോഴും കേരളത്തില്‍ ടെലിവിഷന്‍ ചാനലുകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തിന്റെ പ്രധാന ഉത്തരവാദി മാധ്യമങ്ങളാണെന്നത്‌്‌ ഉപരിപ്ലവമായ മാധ്യമ വിമര്‍ശനവും രാഷ്ടീയ വിലയിരുത്തലുമാണ്‌. കേരളം ഹിന്ദുത്വത്താല്‍ സ്വാധീനിക്കപ്പെടാന്‍ സാദ്ധ്യതയുള്ള സമൂഹം തന്നെയാണ്‌. എന്‍ എസ്‌ എസ്‌ പോലുള്ള സാമുദായിക സംഘടന മുതല്‍ പുതുതായി ഉദയം ചെയ്‌ത ട്വന്റി 20 പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും പല രീതിയില്‍ ഹിന്ദുത്വത്തിന്‌ കേരളത്തില്‍ ശക്തി പകരുന്നുണ്ട്. എന്‍ എസ്‌ എസിനെ അനുനയിപ്പിക്കാനും പ്രീതിപ്പെടുത്താനുമാണ്‌ കേരളത്തിലെ മുന്നണി സംവിധാനം ചെയ്‌തതെങ്കില്‍ ട്വന്റി 20 പോലുള്ള സംഘടനകളെ അരാഷ്ട്രീയരെന്ന്‌ വിളിച്ച്‌ അപഹസിച്ചാല്‍ അതുണ്ടാക്കുന്ന വലതുപക്ഷ സ്വാധീനം നശിച്ചു കൊള്ളുമെന്ന്‌ പ്രതീതിയിലാണ്‌ ഇപ്പോഴും കേരളത്തിലെ ലിബറല്‍ വിമര്‍ശകരും നടത്തുന്നത്‌. കേരളത്തിലെ മുഖ്യാധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മറികടന്ന്‌ ചിലയിടങ്ങളിലെങ്കിലും കോര്‍പ്പറേറ്റ്‌ സ്‌പോണ്‍സേഡ്‌ രാഷ്ട്രീയ പാര്‍ട്ടിക്ക്‌ സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ടെങ്കില്‍ അതിന്റെ കാരണം രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനത്തില്‍ അന്വേഷിക്കാന്‍ ശ്രമിക്കാതെ അരാഷ്ട്രീയതയാണെന്ന്‌ വിധിയെഴുതിയാല്‍ ഇത്തരം പാര്‍ട്ടികള്‍ ഇല്ലാതാകുമെന്ന ധാരണയിലാണ്‌ ഈ വിമര്‍ശകര്‍ക്കുള്ളത്‌. ഫാസിസത്തോളമെത്തുന്ന തീവ്രവലതുപക്ഷത്തിന്‌ നിലമൊരുക്കുന്നവരാണ്‌ ഇത്തരം സംഘടനകള്‍. ഇക്കാര്യം അറിയാതെയും മറച്ചു പിടിച്ചു കൊണ്ടുള്ള വിമര്‍ശനകളും ഈ തിരഞ്ഞടുപ്പ്‌ വേളയില്‍ നാം കണ്ടു.

കോണ്‍ഗ്രസ്‌ 2014 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ എത്ര എളുപ്പത്തിലാണ്‌ ഹിന്ദുത്വം ഇന്ത്യയില്‍ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും പടര്‍ന്നു കയറിയതെന്നതിന്‌ സമീപകാല ചരിത്രത്തിലേക്ക്‌ തിരിഞ്ഞു നോക്കിയാല്‍ മതി. തീവ്ര ഹിന്ദുത്വത്തിന വേണ്ടി രാജ്യത്തെ സജ്ജമാക്കുന്നതില്‍ കോണ്‍ഗ്രസ്‌ ഭരണകൂടങ്ങള്‍ നടത്തിയ ഹിന്ദുത്വ തലോടലുകള്‍ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. കക്ഷി രാഷ്ട്രീയ അധികാര മല്‍സരത്തിനിടയില്‍ കേരളത്തിലും ഹിന്ദുത്വ ബോധത്തെ പ്രീതിപ്പെടുത്തി നിര്‍ത്താനുള്ള ശ്രമം അപകടകരമായ രാഷ്‌ട്രീയ തന്ത്രമാണ്‌. അതുണ്ടാക്കുന്ന രാഷ്ട്രീയ സാമൂഹിക പ്രത്യഘാതം വലുതായിരിക്കും. ഈ തിരഞ്ഞടുപ്പ്‌ നിര്‍ഭാഗ്യവശാല്‍ അങ്ങനെയുള്ള തന്ത്രങ്ങളുടെ പ്രയോഗവേദി കൂടിയാകുന്നുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു