പ്രഭാസുമായി വഴക്കിട്ട് സംസാരിക്കുന്നത് തന്നെ നിര്‍ത്തിയിരുന്നു, എന്നാല്‍ ആ സിനിമ കണ്ട് ഞാന്‍ ഞെട്ടിപ്പോയി: കങ്കണ റണാവത്ത്

എന്നും വിവാദങ്ങളില്‍ നിറയാറുള്ള ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കങ്കണ റണാവത്ത്. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലുള്ള നടിയുടെ വാക്കുകള്‍ ചര്‍ച്ചയാകാറുണ്ട്. ബാഹുബലി താരം പ്രഭാസിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു.

ബാഹുബലിയുടെ വിജയത്തിന് ശേഷമായിരുന്നു കങ്കണയുടെ വാക്കുകള്‍. തന്റെ മുന്‍ സഹ താരത്തിന്റെ വിജയത്തെ കുറിച്ച് സംസാരിക്കവെ പ്രഭാസും താനും തമ്മിലുണ്ടായിരുന്ന വഴക്കിനെ കുറിച്ച് കങ്കണ വെളിപ്പെടുത്തിയിരുന്നു. ഏക് നിരഞ്ജന്‍ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ചത്.

പ്രഭാസിന്റെ വിജയം കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്. തങ്ങള്‍ രണ്ടു പേരും തുടങ്ങിയ സമയത്ത് സ്ഥിരമായി വഴക്കിടുമായിരുന്നു. ഒരിക്കല്‍ തങ്ങള്‍ പരസ്പരം സംസാരിക്കുന്നത് തന്നെ നിര്‍ത്തിയിരുന്നു. പിന്നെയാണ് താന്‍ ബാഹുബലി കാണുമ്പോള്‍. താന്‍ ഞെട്ടിപ്പോയി.

അവന്റെ നേട്ടത്തില്‍ താന്‍ ഒരുപാട് അഭിമാനിക്കുന്നുണ്ട്. അവനും അതങ്ങനെ തന്നെയാണെന്നാണ് തനിക്ക് തോന്നുന്നത് എന്നായിരുന്നു കങ്കണ പറഞ്ഞത്. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ഏക് നിരഞ്ജന്‍ 2009ല്‍ ആണ് റിലീസ് ചെയ്തത്. സമീര എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിച്ചത്.

ചിത്രത്തില്‍ പൊലീസിന്് വേണ്ടി ക്രിമിനലുകളെ പിടികൂടുന്ന വാടക കൊലയാളിയുടെ വേഷത്തിലായിരുന്നു പ്രഭാസ് അഭിനയിച്ചത്. ശ്രീഹരി, സോനു സൂദ്, മകരന്ദ് ദേശ്പാണ്ഡെ, ആശിഷ് വിദ്യാര്‍ത്ഥി, മുകുള്‍ ദേവ് എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.