കിം കര്‍ദാഷിയാന് ബ്രെയിന്‍ അന്യൂറിസം! ജീവന് ഭീഷണി? കാരണം റാപ്പര്‍ കാന്യേ വെസ്റ്റ് എന്ന് താരം

പ്രശസ്ത അമേരിക്കന്‍ റിയാലിറ്റി ഷോ താരവും മോഡലുമായ കിം കര്‍ദാഷിയാന് ബ്രെയിന്‍ അന്യൂറിസം ബാധിച്ചുവെന്ന് സ്ഥിരീകരണം. ‘ദി കര്‍ദാഷിയാന്‍സി’ന്റെ ഏഴാം സീസണിന്റെ ട്രെയിലറിലൂടെയാണ് ഈ വിവരം കുടുംബം പുറത്ത് വിട്ടിരിക്കുന്നത്. തലച്ചോറിലെ രക്തക്കുഴലുകളിലെ വീക്കമാണ് മസ്തിഷ്‌ക അന്യൂറിസം.

നാല് കുട്ടികളുടെ അമ്മയാണ് കിം കദാര്‍ഷിയന്‍. കാന്യേ വെസ്റ്റുമായുള്ള വിവാഹമോചനം, മക്കളെ പരിപാലിക്കുമ്പോഴും തന്റെ ബിസിനസുകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴും നിയമപഠനത്തിനായി ബാര്‍ പരീക്ഷ പാസാകാനുള്ള വെല്ലുവിളി, കൂടാതെ പാരിസില്‍ തനിക്കെതിരെ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങള്‍ തുടങ്ങി ഏറെ സങ്കീര്‍ണമായ കാര്യങ്ങളിലൂടെയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കിം കടന്നു പോയത്.

വിവാഹമോചനം കടുത്ത സമ്മര്‍ദ്ദത്തിലേക്ക് നയിക്കുകയും മസ്തിഷ്‌ക അന്യൂറിസത്തിലേക്ക് നയിച്ചത് എന്നാണ് കിം അവകാശപ്പെടുന്നത്. എന്നാല്‍ സമ്മര്‍ദ്ദം കൊണ്ട് മാത്രം അന്യൂറിസം ഉണ്ടാകുന്നതിന് സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നിരുന്നാലും, സമ്മര്‍ദ്ദം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം എന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.

പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇവ അന്യൂറിസത്തിന് കാരണമാകുന്നതിന് സാധ്യതയുണ്ട്. അതേസമയം, തലച്ചോറിനുള്ളിലോ അതിന് ചുറ്റുമുള്ള രക്തക്കുഴലുകളുടെ ദുര്‍ബല ഭാഗത്തോ വീര്‍ക്കുന്ന അവസ്ഥയാണ് ബ്രെയിന്‍ അന്യൂറിസം. തലച്ചോറില്‍ എവിടെ വേണമെങ്കിലും അന്യൂറിസം ഉണ്ടാകാമെങ്കിലും തലച്ചോറിന്റെ അടിഭാഗത്തുള്ള ധമനികളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്.

സാധാരണഗതിയില്‍ മസ്തിഷ്‌ക അന്യൂറിസങ്ങള്‍ ചെറുതും വലിയ ലക്ഷണങ്ങള്‍ കാണിക്കാത്തതും അപകടകരമല്ലാത്തതുമാണ്. വലിയ അന്യൂറിസം ആരോഗ്യകരമായ ധാരാളം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. തലവേദന, കണ്ണുകള്‍ക്ക് മുകളിലോ ചുറ്റുമോ ഉള്ള വേദന, കാഴ്ചയിലെ മാറ്റങ്ങള്‍,തലകറക്കം, ബാലന്‍സ് ഇല്ലാതായി പോകുക, മുഖത്തിന്റെ ഒരുവശത്ത് മരവിപ്പ്, ഓര്‍മ്മക്കുറവ് ഇവയൊക്കെ വലിയ അന്യൂറിസത്തിന്റെ ലക്ഷണങ്ങളാണ്.

Read more

ബ്രെയ്ന്‍ അന്യൂറിസത്തെ തുടര്‍ന്ന് ചിലപ്പോള്‍ രക്തക്കുഴലുകള്‍പൊട്ടി രക്തസ്രാവത്തിലേക്ക് നയിക്കുന്നു. ഈ രക്തസ്രാവം ചുറ്റുമുള്ള കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഇത് തലയോട്ടിക്കുള്ളിലെ ഓക്സിജന്‍ വിതരണം തടസപ്പെടുത്തുകയും മരണം സംഭവിക്കുകയും ചെയ്യാം.