ബിഗ് ബോസ് ജീവിതത്തില്‍ പരാജയപ്പെട്ടവര്‍ക്കുള്ള സ്ഥലം; വരണമെങ്കില്‍ സല്‍മാന് കിട്ടുന്നതില്‍ കൂടുതല്‍ പണം തരണം: ഭാരത് പേ സ്ഥാപകന്‍

ജീവിതത്തില്‍ ‘പരാജയപ്പെട്ടവര്‍ക്കുള്ള സ്ഥലമാണ് ബിഗ് ബോസ് റിയാലിറ്റി ഷോയെന്ന് ഭാരത് പേ സഹസ്ഥാപകന്‍ അഷ്‌നീര്‍ ഗ്രോവര്‍. ഷോയുടെ അവതാരകന്‍ സല്‍മാന്‍ ഖാന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം വാഗ്ദാനം ചെയ്താല്‍ പങ്കെടുക്കുന്ന കാര്യം പരിഗണിക്കാമെന്നും അഷ്‌നീര്‍ പറഞ്ഞു.

ബോളിവുഡില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന റിയാലിറ്റി ഷോ നിലവില്‍ പതിനാറാം സീസണിലാണ്. റെഡ് എഫ്എം പോഡ്കാസ്റ്റിനിടെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ എപ്പോഴെങ്കിലും ഓഫര്‍ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അഷ്‌നീര്‍.

‘എന്നെ ഒരിക്കലും നിങ്ങള്‍ ബിഗ് ബോസില്‍ കാണില്ല. പരാജയപ്പെട്ട വ്യക്തികള്‍ മാത്രമാണ് ആ ഷോയില്‍ പോകുന്നത്, വിജയിച്ച ആളുകളല്ല. ഞാന്‍ ഒരിക്കലും ആ ഷോയില്‍ പോകില്ല. ഞാന്‍ ബിഗ് ബോസ് കാണുന്ന ഒരു കാലമുണ്ടായിരുന്നു, എന്നെ വിളിച്ചിരുന്നു, ഞാന്‍ ക്ഷണം നിരസിച്ചു,’ അഷ്‌നീര്‍ ഗ്രോവര്‍ പറഞ്ഞു.

കൂടുതല്‍ പണം നല്‍കിയാല്‍ പങ്കെടുക്കുമോ എന്ന് ചോദിച്ചപ്പോള്‍ സല്‍മാന്‍ ഖാനേക്കാള്‍ കൂടുതല്‍ ലഭിച്ചാല്‍ പരിഗണിക്കാം എന്നാണ് അഷ്‌നീര്‍ തമാശയായി പറഞ്ഞത്.