5-സ്റ്റാർ ഹോട്ടലിൽ ഒരു വാടകയും കൊടുക്കാതെ താമസിക്കുന്ന, ആഡംബര ജീവിതം നയിക്കുന്ന, ലണ്ടനിലെ ദി ലെയ്ൻസ്ബറോ ഹോട്ടലിലെ ഒരു താമസക്കാരി ‘ലിലിബെറ്റ്’. വളരെ കുറച്ച് പേർക്ക് മാത്രം സ്വപ്നം കാണാൻ കഴിയുന്ന ഈ ജീവിതം ആസ്വദിക്കുന്ന ആ താമസക്കാരി ആരാണെന്നല്ലേ? അതാണ് ‘ദ ലേഡി ഓഫ് ദ ലെൻസ്ബറോ’ എന്നറിയപ്പെടുന്ന ഒരു സൈബീരിയൻ പൂച്ചയായ ലിലിബെറ്റ്.’
ലെൻസ്ബറോ ഹോട്ടലിലേക്ക് വരുന്ന ഓരോ അതിഥികൾക്കും ഹോട്ടൽ ജീവനക്കാർക്കും ഒരുപോലെ പ്രിയങ്കരിയാണ് ലിലിബെറ്റ്. ലിലിബെറ്റ് താമസിക്കുന്ന മുറിയ്ക്ക് തന്നെയുണ്ട് പ്രതിദിനം 26 ലക്ഷം വരെ വാടക. ഒരു രാജകുമാരിയെ പോലെ തന്നെയാണ് ലിലിബെറ്റ് ഈ ഹോട്ടലിൽ കഴിയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ഭക്ഷണങ്ങളിൽ ഒന്നായ ‘കാവിയർ’ ആണ് ഈ വിഐപി പൂച്ചയുടെ ഇഷ്ടഭക്ഷണം. ഇതൊന്നും കൂടാതെ ലിലിബെറ്റിനെ പരിചരിക്കാൻ വേണ്ടി മാത്രം ജീവനക്കാരുടെ ഒരു സംഘം തന്നെ ഹോട്ടലിൽ ഉണ്ട്. ഹോട്ടലിന്റെ ചിഹ്നം കഴുത്തിൽ പതിച്ച, കൈകൊണ്ട് നിർമ്മിച്ച സ്വർണ്ണ കോളർ ധരിച്ച്, നടക്കുന്ന ലിലിബെറ്റിന് ഹോട്ടലിലെ ഭക്ഷണശാലയിലൊഴികെ മറ്റെല്ലായിടത്തും സഞ്ചാരസ്വാതന്ത്ര്യമുണ്ട്.
2019-ലാണ് ലിലിബെറ്റ് ലെൻസ്‌ബറോയിലേക്ക് എത്തുന്നത്. അന്നുമുതൽ, അവൾ ജീവനക്കാരുടെയും അതിഥികളുടെയും ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനം നേടി. കൊട്ടാരം പോലുള്ള ഈ ഹോട്ടൽ ബക്കിങ്ഹാം കൊട്ടാരത്തിന് അടുത്തായതുകൊണ്ടാണ് എലിസബത്ത് രാജ്ഞിയുടെ കുട്ടിക്കാലത്തെ വിളിപ്പേരായ ‘ലിലിബെറ്റ്’ ഈ പൂച്ചയ്ക്കും നൽകിയത്. അതിഥികളെ അഭിവാദ്യം ചെയ്യാനും അവരോടൊപ്പം സമയം ചെലവഴിക്കാനും ലിലിബെറ്റിന് വളരെ ഇഷ്ടമാണ്. ഹോട്ടലിൽ താമസിക്കാനെത്തുന്ന മറ്റ് വളർത്തുമൃഗങ്ങളുമായി ലിലിബെറ്റ് പെട്ടെന്ന് ഇണങ്ങുമെങ്കിലും ഫ്രഞ്ച് ബുൾഡോഗ് ഇനത്തിൽപ്പെട്ട നായ്ക്കളോട് മാത്രം ഒരൽപം അകൽച്ച കാണിക്കാറുണ്ട്.
ലെൻസ്ബറോയിൽ ലിലിബെറ്റിന്റെ പേരിൽ ഒരു കോക്ടെയ്ൽ പോലും ലഭ്യമാണ്. പച്ചക്കണ്ണുകളുള്ള, കാരമൽ നിറമുള്ള ഈ പൂച്ചയെ കാണാൻ വേണ്ടി ദൂരെ നിന്നുപോലും ആളുകൾ ഹോട്ടലിൽ എത്താറുണ്ട്. അതിഥികൾ പലപ്പോഴും ചെറിയ ട്രീറ്റുകളും സമ്മാനങ്ങളും നൽകി അവളെ ലാളിക്കാറുണ്ട്. പൂച്ചയ്‌ക്കൊപ്പം വീഡിയോയും ചിത്രങ്ങളും ഒക്കെ പകർത്തിയാണ് അതിഥികൾ ഹോട്ടലിൽ നിന്നും പോകാറുള്ളത്. സോഷ്യൽ മീഡിയയിലും ഈ ദൃശ്യങ്ങൾ വൈറലാവാറുണ്ട്.







