ഇന്ത്യയിലെ ലക്ഷ്വറി വാഹന വിപണിയിൽ മുന്നിൽ നിൽക്കുന്ന മെർസിഡീസ് ബെൻസ് പുറത്തുവിട്ട ഒരു വാർത്ത വാഹനപ്രേമികളുടെ ഇടയിൽ വലിയ ചർച്ച ആയിരിക്കുകയാണ്. 2026 ജനുവരി മുതൽ തങ്ങളുടെ വാഹനങ്ങളുടെ വില ഉയർത്താൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. പുതുവർഷം തുടങ്ങുന്നതോടെ പെട്രോൾ, ഡീസൽ, ഇലക്ട്രിക് ഉൾപ്പെടെയുള്ള മോഡലുകളുടെ എക്‌സ്ഷോറൂം വിലയിലാണ് ചെറിയ വർധനവ് ഉണ്ടാവുക. ആഗോള സാമ്പത്തിക സാഹചര്യങ്ങളും ചെലവ് വർധനവുകളും പശ്ചാത്തലമാക്കിയാണ് ഇങ്ങനെയൊരു തീരുമാനം ബ്രാൻഡ് എടുത്തത്.
മോഡലുകൾക്കനുസരിച്ച് വില വർധനവുകളുടെ തോത് വ്യത്യാസപ്പെട്ടിരിക്കും. എങ്കിലും പൂർണ്ണമായി ഇറക്കുമതി ചെയ്യുന്ന CBU മോഡലുകളെയായിരിക്കും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. വിദേശത്ത് പൂർണ്ണമായി നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈ വാഹനങ്ങളുടെ യൂറോ രൂപയിൽ ഉണ്ടാകുന്ന മാറ്റവും ഉയർന്ന ഇറക്കുമതി ചെലവും കാരണമാണ് അവയ്ക്ക് കൂടുതൽ വില വർധനവ് വരുന്നത്. മാത്രവുമല്ല ഇറക്കുമതി ചെയ്ത ഘടകങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്ന കാറുകളുടെയും വിലയും വർധിക്കും.
അതേസമയം, CBU മോഡലുകളെ അപേക്ഷിച്ച് ഇത് കുറവായിരിക്കാനാണ് സാധ്യത. നിലവിൽ മെർസിഡീസ് ബെൻസ് ഇന്ത്യയുടെ പൂനെ പ്ലാന്റിൽ A-ക്ലാസ് ലിമോസിൻ, GLA, C-ക്ലാസ്, GLC, E-ക്ലാസ് LWB, GLE, S-ക്ലാസ്, GLS, മെയ്‌ബാക്ക് S 580, EQS 580 സെഡാൻ അതോടൊപ്പം EQS എസ്‌യുവി 450 എന്നീ പ്രധാന മോഡലുകൾ അസംബിൾ ചെയ്യുന്നു. ഇവയിൽ ലോക്കൽ അസംബ്ലി ഉള്ളതിനാൽ ഇറക്കുമതി ചെലവുകളുടെ ആഘാതം ഭാഗികമായി നിയന്ത്രിക്കാൻ സാധിക്കും. കമ്പനിയുടെ പോർട്ട്‌ഫോളിയോയിലുള്ള മറ്റ് ഇലക്ട്രിക് വാഹനങ്ങൾ, മെയ്‌ബാക്ക് റേഞ്ചിലെ ചില മോഡലുകൾ, ഉയർന്ന പ്രകടനക്ഷമതയുള്ള AMG പെർഫോമൻസ് കാറുകൾ എന്നിവ മുഴുവനായും ഇറക്കുമതി ചെയ്യുന്നവയാണ്. ഇവയിൽ വില വർധനവ് കൂടുതലായി അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.







