ഗാനരചയിതാവ് ബീയാര്‍ പ്രസാദ് വെന്റിലേറ്ററില്‍!

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് ചികിത്സാസഹായം തേടുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് ബീയാര്‍ പ്രസാദ്. ബീയാര്‍ പ്രസാദിന് വേണ്ടി സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍ ആണ് ചികിത്സാ സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്.

രണ്ടു വര്‍ഷം മുമ്പ് ഒരു വൃക്ക മാറ്റി വച്ച് വിശ്രമത്തിലായിരുന്നു ബീയാര്‍ പ്രസാദ്. ഒരു ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയിലാണ് മസ്തിഷ്‌കാഘാതം ആണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് വെന്റിലേറ്ററിലേയ്ക്കു മാറ്റി. അദ്ദേഹത്തിന്റെ ഭാര്യയും മകനുമാണ് ഒപ്പമുള്ളത്. പഠനാവശ്യത്തിനായി മകള്‍ യൂറോപ്പിലാണ്. തികച്ചും സാധാരണഗതിയില്‍ ജീവിതം നയിക്കുന്ന ബീയാര്‍ പ്രസാദിന്റെ കുടുംബത്തിന് ചികിത്സയ്ക്ക് ചെലവാകുന്ന ഭാരിച്ച തുക കണ്ടെത്താന്‍ കഴിയുന്നില്ല.

അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നതിനൊപ്പം ചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം കൂടി നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയാണ് എന്നാണ് ടി.കെ രാജീവ് കുമാര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. ‘കേര നിരകളാടും ഒരു ഹരിത..’ എന്ന ഗാനമടക്കം രചിച്ച രചയിതാവാണ് ബീയാര്‍ പ്രസാദ്.