മനഃപൂര്‍വം കോവിഡ് ബാധിതയായി; ചൈനീസ് ഗായികക്ക് എതിരെ സൈബര്‍ ആക്രമണം

മനഃപൂര്‍വം കോവിഡ് ബാധിതയായെന്ന് വെളിപ്പെടുത്തിയ ചൈനീസ് ഗായിക ജെയ്ന്‍ ഴാങ്ങിനെതിരെ കടുത്ത സൈബര്‍ ആക്രമണം. ചൈനീസ് മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ വെയ്‌ബോയിലൂടെയായിരുന്നു ജെയ്ന്‍ ഴാങ്ങിന്റെ തുറന്നുപറച്ചില്‍.

ഒമിക്രോണ്‍ വകഭേദമായ BF.7 ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന അവസരത്തിലാണ് ജെയ്‌നിന്റെ വെളിപ്പെടുത്തല്‍. രോഗം വരണമെന്ന ഉദ്ദേശത്തോടെ കോവിഡ് ബാധിതരായ സുഹൃത്തുക്കളെ സന്ദര്‍ശിക്കുകയും അവരുമായി അടുത്തിടപഴകിയെന്നുമാണ് ഗായിക പറഞ്ഞത്.

‘രോഗം വരണമെന്ന ഉദ്ദേശത്തോടെ ഷീപ്പുകളുടെ വസതി സന്ദര്‍ശിച്ചു’ എന്നാണവര്‍ ബ്ലോഗിലൂടെ അറിയിച്ചത്. രോഗബാധിതരെ ചൈനയില്‍ വിശേഷിപ്പിക്കുന്ന വാക്കാണ് ഷീപ്പ്. ഴാങ് പങ്കെടുക്കുന്ന പുതുവത്സരാഘോഷ പരിപാടി അമേരിക്കയില്‍ നടക്കാനിരിക്കുകയാണ്.

ഈ പ്രോഗ്രാമിനിടെ കൊറോണ ബാധിക്കുമെന്ന ആശങ്കയാണ് ഇങ്ങനെയൊരു സാഹസത്തിന് ഗായികയെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ കൊറോണ വന്നാല്‍ പരിപാടിയുടെ സമയമാവുമ്പോഴേക്കും രോഗമുക്തയാകാമെന്നും അതിനാല്‍ നേരത്തേ തന്നെ പോസിറ്റീവ് ആകാന്‍ തീരുമാനിച്ചു എന്നാണ് ഗായിക ബ്ലോഗില്‍ എഴുതിയത്.

Read more

രാജ്യത്ത് കോവിഡ് രോഗികള്‍ അനുദിനം വര്‍ധിക്കുമ്പോള്‍ ഇങ്ങനെ ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞ് നിരവധി പേരാണ് പ്രതികരിച്ചത്. വന്‍തോതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വിവാദമായ ബ്ലോഗ് ജെയ്ന്‍ നീക്കം ചെയ്തു. ജനങ്ങളോട് മാപ്പു പറയുന്നതായി അവര്‍ പറഞ്ഞു.