പോപ് ഗായകന്‍ ക്രിസ് വുവിന് 13 വര്‍ഷം തടവ്

കനേഡിയന്‍ പോപ്പ് താരം ക്രിസ് വുവിന് 13 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി. ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 2020ല്‍ ആണ് ഗായകനെ കുടുക്കിയ സംഭവം നടന്നത്.

മദ്യലഹരിയിലായിരുന്ന മൂന്ന് സ്ത്രീകളെ 2020 നവംബര്‍ മുതല്‍ ഡിസംബര്‍ വരെ തന്റെ വീട്ടില്‍ വച്ച് ക്രിസ് വു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് ചായോങ് ഡിസ്ട്രിക്റ്റ് പീപ്പിള്‍സ് കോടതി ഔദ്യോഗിക സോഷ്യല്‍ മീഡിയാ അക്കൗണ്ടിലൂടെ അറിയിച്ചു.

ഒരു വിദ്യാര്‍ത്ഥിയുടെ ആരോപണത്തെ തുടര്‍ന്ന് 2021 ജൂലൈ 31ന് ബെയ്ജിംഗില്‍ വച്ച് ക്രിസ് വു അറസ്റ്റിലായിരുന്നു. തന്നെയും മറ്റ് പെണ്‍കുട്ടികളെയും ഗായകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വദ്യാര്‍ത്ഥി പരസ്യമായി ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

17 വയസ്സുള്ളപ്പോള്‍ ക്രിസ് വു തന്നെ മദ്യം കുടിപ്പിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചതായും വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നേരത്തെ വു യിഫാന്‍ എന്ന പേരിലാണ് ക്രിസ് വു ചൈനയില്‍ അറിയപ്പെട്ടിരുന്നത്. മില്യണ്‍ കണക്കിന് ഫോളോവര്‍മാരായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ക്കുണ്ടായിരുന്നത്.

ചൈനയില്‍ ജനിച്ച് കാനഡയില്‍ വളര്‍ന്ന ക്രിസ് വു ശ്രദ്ധേയനാവുന്നത് കൊറിയന്‍ പോപ് ബാന്‍ഡായ എക്‌സോയിലൂടെയായിരുന്നു. പോര്‍ഷേ പോലുള്ള അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അംബാസിഡറുമായിരുന്നു ഇദ്ദേഹം. വിദ്യാര്‍ത്ഥിയുടെ തുറന്നു പറച്ചിലിന് ശേഷമാണ് ക്രിസിന്റെ സൂപ്പര്‍ താരപരിവേഷം തകര്‍ന്നത്.