ത്രില്ലടിപ്പിച്ച് ഫോറന്‍സിക്- റിവ്യു

ജിസ്യ പാലോറാന്‍

ടൊവിനോ തോമസ്, മംമത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖില്‍ പോളും അനസ് ഖാനും ഒരുക്കിയ ചിത്രമാണ് “ഫോറന്‍സിക്”. സീരിയല്‍ കില്ലറിലേക്കുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ഫോറന്‍സിക് വിദഗ്ധര്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൊലീസ് അന്വേഷണത്തിന് നിര്‍ണ്ണായകമായി മാറാന്‍ സഹായിക്കുന്ന തെളിവുകള്‍ നല്‍കുന്ന ഫോറന്‍സിക് വിദഗ്ധരെ അവതരിപ്പിച്ചുള്ള വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിലൂട അവതരിപ്പിക്കുന്നത്. വിരലടയാളം, ഡിഎന്‍എ ടെസ്റ്റ് എന്നിവ കൂടാതെ ഇവയുടെ അനന്തസാധ്യതകള്‍ എങ്ങനെയെന്ന പരിശോധന കൂടിയായി ചിത്രം മാറുന്നുണ്ട്.

സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ടൊവിനോ വേഷമിടുന്നത്. റിതിക സേവ്യര്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥയായി മംമതയും എത്തുന്നു. തങ്ങളുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് ടൊവിനോയും മംമതയും ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു ഫോറന്‍സിക് ഉദ്യോഗസ്ഥനായുള്ള മാറ്റം മികച്ചതാക്കി തീര്‍ക്കാന്‍ ടൊവീനോ ശ്രമിച്ചിട്ടുണ്ടെന്ന് വ്യക്തം. 2020ല്‍ പുറത്തെത്തുന്ന ആദ്യ ടൊവിനോ ചിത്രം കൂടിയാണ് ഫോറന്‍സിക്. താരത്തിന് ഒരു മാസ് ഹീറോ പരിവേഷം നല്‍കാതെ വളരെ ശ്രദ്ധിച്ചാണ് അഖില്‍ പോളും അനസ് ഖാനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ ഉപകഥകള്‍ പ്രേക്ഷകനെ ആശയക്കുഴപ്പത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെങ്കിലും പ്രേക്ഷകന്‍ ചിന്തിച്ച് അവസാനിപ്പിക്കുന്നിടത്തു നിന്നും കഥ ആരംഭിക്കുന്നു. പ്രേക്ഷകനെ ത്രില്ലടിപ്പിച്ചിരുത്താന്‍ ആവശ്യമായ എല്ലാ ചേരുവകളും തിരക്കഥയില്‍ സംവിധായകര്‍ പരീക്ഷിച്ചിട്ടുണ്ട്.

സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, പ്രതാപ് പോത്തന്‍, രഞ്ജി പണിക്കര്‍ റേബ മോണിക്ക ജോണ്‍ എന്നിവരും തങ്ങളുടെ ഭാഗങ്ങള്‍ മികച്ചതാക്കി. “അഞ്ചാം പാതിര” എന്ന ക്രൈം ത്രില്ലറിന് ശേഷം എത്തുന്ന മറ്റൊരു ക്രൈം ത്രില്ലറാണ് ഫോറന്‍സിക്. ടൊവീനോയില്‍ നിന്ന് പുതുമ പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകര്‍ക്ക് ഒരിക്കലും നിരാശരാക്കണ്ടി വരില്ലെന്ന് ഉറപ്പ്. ഇന്നത്തെ സമൂഹത്തില്‍ കുട്ടികളുടെ സുരക്ഷയെപ്പറ്റി ജാഗരൂഗരാവാനുള്ള സന്ദേശം കൂടിയായി ഈ സിനിമ മാറുന്നു.