റഷ്യയോട് മുഖം തിരിച്ച് ഹോളിവുഡ് ഭീമന്‍മാരും; ബാറ്റ്മാന്‍ പ്രദര്‍ശിപ്പിക്കില്ല, റിലീസുകള്‍ നിര്‍ത്തിെവെച്ച് ഡിസ്‌നിയും സോണിയും

ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയിലുള്ള സിനിമ റിലീസുകള്‍ നിര്‍ത്തിവച്ച് ഹോളിവുഡിലെ പ്രമുഖ സ്റ്റുഡിയോകളായ സിഡ്നിയും വാര്‍ണര്‍ ബ്രദേഴ്സും സോണിയും. ‘ദ ബാറ്റ്മാന്‍’ എന്ന ചിത്രം റഷ്യയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വാര്‍ണര്‍ മീഡിയ അറിയിച്ചു.

മാര്‍ച്ച് മൂന്നിനാണ് ബാറ്റ്മാന്‍ റഷ്യയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പിക്സര്‍ ആനിമേഷന്‍ സ്റ്റുഡിയോയുടെ ‘ടേണിങ് റെഡ്’ സിനിമയുടെ തിയേറ്റര്‍ റീലിസുകള്‍ നിര്‍ത്തുകയാണെന്ന് വാള്‍ട്ട് സിഡ്നിയും അറിയിച്ചു. മാര്‍ച്ച് 10ന് ആയിരുന്നു ടേണിങ് റെഡ് റഷ്യയില്‍ റിലീസ് ചെയ്യാനിരുന്നത്.

‘മോര്‍ബിയസ്’ ഉള്‍പ്പെടെയുള്ള സിനിമകളുടെ റിലീസ് സോണിയും നിര്‍ത്തിവച്ചു. അതേസമയം, ചലചിത്ര വ്യവസായത്തില്‍ ഹോളിവുഡിന്റെ പ്രധാന വിപണിയാണ് റഷ്യ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സോണിയുടെ ‘സ്പൈഡര്‍മാന്‍: നോ വേ ഹോം’ ലോകമെമ്പാടുമുള്ള ടിക്കറ്റ് വില്‍പ്പനയില്‍ 1.85 ബില്യണ്‍ ഡോളറാണ് നേടിയത്.

ഇതില്‍ 46.7 ദശലക്ഷം ഡോളര്‍ റഷ്യയില്‍ നിന്നാണ് ലഭിച്ചത്. കൂടാതെ സോണിയുടെ ഏറ്റവും പുതിയ റിലീസായ ‘അണ്‍ചാര്‍ട്ടഡ്’ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റഷ്യയില്‍ നിന്ന് ഏകദേശം 20 മില്യണ്‍ ഡോളറാണ് നേടിയത്.

റഷ്യയുടെ അധിനിവേശത്തെ അപലപിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിനൊപ്പം നില്‍ക്കുന്നുവെന്ന് മോഷന്‍ പിക്ചര്‍ അസോസിയേഷന്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. റഷ്യന്‍ ചലച്ചിത്ര വ്യവസായത്തെ അന്താരാഷ്ട്ര തലത്തില്‍ ബഹിഷ്‌കരിക്കാന്‍ ഉക്രൈന്‍ ഫിലിം അക്കാദമി ആഹ്വാനം ചെയ്തിരുന്നു.