'നീയാണ് യഥാര്‍ത്ഥ ഹീറോ'; സഹോദരിയെ രക്ഷിച്ച കുഞ്ഞു ബ്രിഡ്ജറിന് ഷീല്‍ഡ് സമ്മാനിച്ച് ക്യാപ്റ്റന്‍ അമേരിക്ക

നായയുടെ ആക്രമണത്തില്‍ നിന്നും സഹോദരിയെ രക്ഷിച്ച ആറു വയസുകാരന്‍ ബ്രിഡ്ജര്‍ വാക്കറിന്‌ തന്റെ ഷീല്‍ഡ് (ഇരുമ്പുകവചം) സമ്മാനിച്ച് “ക്യാപ്റ്റന്‍ അമേരിക്ക” താരം ക്രിസ് ഇവാന്‍സ്. ബ്രിഡ്ജറിനായി ക്രിസ് പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം താരം പറഞ്ഞത്.

സഹോദരിയെ നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച ബ്രിഡ്ജറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബ്രിഡ്ജറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബ്രിഡ്ജറിന്റെ മുഖത്ത് മാത്രം 90 തുന്നലുകള്‍ വേണ്ടി വന്നിരുന്നു. നിന്നെപ്പോലുള്ള ആളുകളെയാണ് ലോകത്തിനു വേണ്ടത്, ക്യാപ്റ്റന്‍ അമേരിക്ക ഷീല്‍ഡിന് നിനക്ക് അര്‍ഹതയുണ്ടെന്നാണ് ക്രിസ് ഇവാന്‍സ് പറയുന്നത്.

“”നീ ഹീറോയാണ്. സ്വന്തം ജീവന്‍ പണയം വെച്ചാണ് ധൈര്യപൂര്‍വം മുന്നോട്ടുവന്നത്. ഇങ്ങനെയൊരു സഹോദരനെ കിട്ടിയതില്‍ നിന്റെ സഹോദരി എത്ര ഭാഗ്യവതിയാണ്. നിന്റെ വീട്ടിലേയ്ക്ക് ഒറിജിനല്‍ ക്യാപ്റ്റന്‍ അമേരിക്ക ഷീല്‍ഡ് ഞാന്‍ അയയ്ക്കും. തീര്‍ച്ചയായും നിനക്ക് അതിനുള്ള അര്‍ഹതയുണ്ട്.””

“”നിന്നെപ്പോലുള്ള ആളുകളെയാണ് ലോകത്തിനു വേണ്ടത്. പരിക്കുകള്‍ ഭേദമാകാന്‍ കാലതാമസമെടുക്കും, എന്നാല്‍ അതിനൊന്നും നിന്നെ തളര്‍ത്താനാകില്ല”” എന്നാണ് ക്രിസ് ഇവാന്‍സിന്റെ വാക്കുകള്‍.