ഫീൽഗുഡ് ജോണർ മാറ്റിപിടിച്ചുകൊണ്ടുളള പുതിയ ചിത്രത്തിന്റെ അപ്ഡേറ്റുമായി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബിന്റെ 15ാം വാർഷികത്തിലാണ് വിനീതിന്റെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങുക. ബുധനാഴ്ച വൈകിട്ട് പോസ്റ്റർ റിലീസ് ചെയ്യുമെന്ന് സോഷ്യൽ മീഡിയയിലൂടെ താരം അറിയിച്ചു. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രവുമായാണ് വിനീത് ശ്രീനിവാസൻ ഇത്തവണ എത്തുന്നത്. തന്റെ പതിവ് രീതികളിൽ നിന്നും മാറി സഞ്ചരിക്കുന്ന സിനിമയായിരിക്കും ഇതെന്ന് തന്റെ പോസ്റ്റിലൂടെ വിനീത് പറയുന്നു.
“2010ൽ മലർവാട് ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഞാൻ സംവിധായകനാവുന്നത്. സിനിമ റിലീസായിട്ട് ഇന്നേക്ക് 15 വർഷം. ഒരുപാട് നല്ല ഓർമ്മകൾ. മറക്കാനാവാത്ത അനുഭവങ്ങൾ. സംവിധായകൻ എന്ന നിലയിൽ എന്റെ എറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈകീട്ട് റിലീസ് ചെയ്യുകയാണ്. എന്റെ പതിവ് രീതികളിൽ നിന്നും മാറി സഞ്ചരിക്കുന്ന ചിത്രമായിരിക്കും ഇത്. ജോണർ ത്രില്ലറാണ്. കൂടുതൽ അപ്ഡേറ്റ്സ് പിന്നാലെ”, വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു.
Read more
ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീതും നിർമാതാവ് വിശാഖ് സുബ്രഹ്മണ്യവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹെലൻ, ഫിലിപ്പ്സ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നോബിൾ ബാബു തോമസാണ് നായകൻ എന്നാണ് വിവരം. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഷാൻ റഹ്മാനാണ്. എഡിറ്റിങ് രഞ്ജൻ എബ്രഹാം. നോബിൾ ബാബു തോമസ് തന്നെയാണ് സിനിമയുടെ തിരക്കഥ.









