4000 കോടിയോ? അത് കുറച്ച് കൂടിപോയില്ലേ, രാമായണ ബജറ്റിൽ നിർമാതാവിനെതിരെ ട്രോളുമായി സിനിമ പ്രവർത്തകർ

രൺബീർ കപൂർ നായകനാകുന്ന ‘രാമായണ’ സിനിമയുടെ ബജറ്റ് 4,000 കോടി രൂപ ആണെന്ന് നിർമ്മാതാവ് നമിത് മൽഹോത്ര വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. രണ്ട് ഭാ​ഗങ്ങളായുളള ബ്രഹ്മാണ്ഡ ചിത്രത്തിന് ഇത്രയും ചെലവ് വരുമെന്ന് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലായിരുന്നു നിർമ്മാതാവ് അവകാശപ്പെട്ടത്. ഇതിന് പിന്നാലെ രാമായണ സിനിമയുടെ ബജറ്റിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര പ്രവർത്തകർ. 4000 കോടി ബജറ്റ് എന്നത് അവിശ്വസനീയമാണെന്നാണ് സംവിധായകരും നിർമാതാക്കളും ഉൾപ്പെടെ അഭിപ്രായപ്പെടുന്നത്. ഒരു സിനിമയ്ക്കായി ഇത്രയും വലിയ നിക്ഷേപം നടത്തിയാൽ അത് തിരിച്ചുപിടിക്കാൻ മാത്രം കഴിവുളള ഏത് കമ്പനിയാണുളളതെന്ന് മുൻപ് ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കിയിട്ടുളള ഒരു സംവിധായകൻ ചോദിച്ചു.

“4000 കോടിയോ, നിങ്ങളെന്താ തമാശ പറയുകയാണോ, അവിശ്വസനീയമാംവിധം പെരുപ്പിച്ചുകാട്ടിയ കണക്കാണിത്, കേട്ടിട്ട് ചിരി വരുന്നു. അൽപമെങ്കിലും ബോധമുളള ഒരു നിർമാതാവോ അദ്ദേഹത്തിന്റെ നിക്ഷേപകരോ ഇത്രയും വലിയ തുകയ്ക്ക് റിസ്ക് എടുക്കില്ലെന്നും” അദ്ദേഹം പറഞ്ഞു. രാമായണം ആസ്പദമാക്കി ഒടുവിൽ ഇറങ്ങിയ ആദിപുരുഷിന്റെ നിർമാതാക്കളായ ടി സീരീസിന് അവരുടെ 650 കോടി നിക്ഷേപത്തിൽ 200 കോടിയുടെ നഷ്ടമുണ്ടായെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

അവതാർ, ഡ്യൂൺ, മാട്രിക്സ്, ലോർ‍ഡ് ഓഫ് ദി റിങ്സ് എന്നീ ചിത്രങ്ങളെല്ലാം മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുളള വിഷ്വൽ എഫക്ട്സുളള ചിത്രമായിരുന്നു. സിനിമ ഇറങ്ങുന്നതിന് മുൻപ് ആരും അതിനെ കുറിച്ച് സംസാരിച്ചില്ല. തങ്ങളുടെ സൃഷ്ടിയെ സ്വയം സംസാരിക്കാൻ അനുവദിക്കുകയായിരുന്നു എന്ന് രാമായണ അണിയറക്കാറെ പരിഹസിച്ച് സംവിധായകൻ സഞ്ജയ് ​ഗുപ്തയും പറഞ്ഞു.

Read more

രൺബീർ രാമനും യഷ് രാവണനുമായി എത്തുന്ന ചിത്രത്തിൽ സീതയായി സായി പല്ലവിയാണ് വേഷമിടുന്നത്. ദം​ഗൽ ഒരുക്കിയ നിതേഷ് തിവാരിയാണ് സംവിധാനം.  പ്രശസ്ത ഹോളിവുഡ് സം​ഗീത സംവിധായകൻ ഹാൻസ് സിമ്മറും ഇന്ത്യൻ ഇതിഹാസം എആർ റഹ്മാനും ചേർന്നാണ് സം​ഗീതമൊരുക്കുന്നത്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോയും നടൻ യഷിന്റെ ഉടമസ്ഥതയിലുള്ള മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം. 2026 ​ദീപാവലി സമയത്താണ് ആദ്യ ഭാഗം പ്രേക്ഷകരിലേക്ക് എത്തുക. രണ്ടാം ഭാഗം 2027 ദീപാവലി സമയത്തും പുറത്തിറങ്ങും.