'കല്‍ക്കി' സിനിമയുടെ ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന! അനുമതി നല്‍കിയത് തെലങ്കാന സര്‍ക്കാര്‍; അധിക പ്രദര്‍ശനങ്ങള്‍ക്കും അനുമതി

പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’ കാണാന്‍ ആരാധകര്‍ക്ക് കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരും. ഈ മാസം 27ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് തെലങ്കാന സര്‍ക്കാര്‍. റിലീസ് ദിവസമായ ജൂണ്‍ 27 മുതല്‍ എട്ട് ദിവസത്തേക്കാണ് (ജൂലൈ നാല് വരെ) ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതിയായിരിക്കുന്നത്.

ഈ ദിവസങ്ങളില്‍ തെലങ്കാനയില്‍ ചിത്രത്തിന് അധിക പ്രദര്‍ശനങ്ങള്‍ ഉണ്ടാവും. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റിലീസ് ദിവസം പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ആദ്യ പ്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

ജിഎസ്ടി ഉള്‍പ്പെടെ 200 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. എട്ട് ദിവസം അഞ്ച് ഷോ വീതം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. സിംഗിള്‍ സ്‌ക്രീനുകള്‍ക്ക് 75 രൂപയും മള്‍ട്ടിപ്ലെക്‌സുകളില്‍ 100 രൂപയും അധികം ഈടാക്കാം. ഈ വര്‍ധനവ് താത്ക്കാലികമായാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. എക്‌സ്ട്രാ ഷോകള്‍ക്ക് സിംഗിള്‍ സ്‌ക്രീനുകളില്‍ 377 രൂപയും മള്‍ട്ടിപ്ലെക്‌സുകളില്‍ 495 രൂപയും കൊടുക്കേണ്ടി വരുമ്പോള്‍ സാധാരണ പ്രദര്‍ശനങ്ങള്‍ക്ക് ഇവിടങ്ങളില്‍ യഥാക്രമം 265, 413 രൂപ എന്ന നിരക്ക് കൊടുക്കേണ്ടി വരുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

മാസാവസാനം റിലീസ് ചെയ്യുന്നതിനാല്‍ ഈ നിരക്ക് താങ്ങാനാവുന്നതല്ലെന്നും ചര്‍ച്ചകളില്‍ പറയുന്നുണ്ട്. തെലുങ്ക് സിനിമ തന്നെ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഈ നിരക്കിന് ടിക്കറ്റെടുത്ത് സിനിമ കാണാന്‍ ആരെങ്കിലും വരുമോയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

അതേസമയം, നാഗ് അശ്വിന്റെ സംവിധാനത്തില്‍ എത്തുന്ന കല്‍ക്കി ഹോളിവുഡ് സ്‌റ്റൈലില്‍ ആണ് ഒരുക്കിയിരിക്കുന്നത്. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തിലെ നായിക. കമല്‍ ഹാസന്‍ വില്ലനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമിതാഭ് ബച്ചന്‍ ആണ്. ദിഷ പഠാനി, ശോഭന, അന്ന ബെന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.