350 കോടി ചിത്രം ഫ്‌ളോപ്പ്, നിര്‍മ്മാണക്കമ്പനി നഷ്ടത്തില്‍; ഓഫീസ് വിറ്റ് 'ബഡേ മിയാന്‍' നിര്‍മ്മാതാവ്

350 കോടി ബജറ്റില്‍ നിര്‍മ്മിച്ച അക്ഷയ് കുമാര്‍-പൃഥ്വിരാജ് ചിത്രം ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ തിയേറ്ററില്‍ പരാജയമായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിര്‍മ്മാതാവ് വാഷു ഭഗ്‌നാനി. നടന്‍ ജാക്കി ഭഗ്‌നാനിയുടെ പിതാവ് വാഷു ഭഗ്‌നാനിയുടെ ഉടമസ്ഥതയിലുള്ള പൂജ എന്റര്‍ടെയ്ന്‍മെന്റ് ആണ് ബഡേ മിയാന്‍ അടക്കമുള്ള അക്ഷയ് കുമാറിന്റെ ഫ്‌ളോപ്പ് സിനിമകള്‍ നിര്‍മ്മിച്ചത്.

ബഡേ മിയാന്‍ ബോക്‌സ്ഓഫിസില്‍ കനത്ത പരാജയമായതോടെ നിര്‍മ്മാണക്കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 59.17 കോടി രൂപ മാത്രമാണ് ചിത്രത്തിന് കലക്ട് ചെയ്യാന്‍ സാധിച്ചിട്ടുള്ളു. 250 കോടി രൂപയുടെ കടം വീട്ടാനായി വാഷു ഭഗ്‌നാനി തന്റെ മുംബൈയിലെ ഓഫീസ് വിറ്റതായാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സാമ്പത്തിക നഷ്ടത്തില്‍ നിന്ന് കരകയറാന്‍ പ്രൊഡക്ഷന്‍ ഹൗസ്, തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഏകദേശം 80% ജീവനക്കാരെയും പിരച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. 1986ല്‍ ആരംഭിച്ച പൂജാ എന്റര്‍ടെയ്ന്‍മെന്റ് ഇതുവരെ 40 ഓളം ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത കൂലി നമ്പര്‍ 1, ഹീറോ നമ്പര്‍ 1, ബിവി നമ്പര്‍ 1, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍, രഹ്നാ ഹേ തെരേ ദില്‍ മേ, ഓം ജയ് ജഗദീഷ് എന്നിങ്ങനെ നിവധി ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച കമ്പനിയാണ് പൂജാ എന്റര്‍ടെയ്ന്‍മെന്റ്. എന്നാല്‍ സമീപകാല ബോക്‌സ് ഓഫീസ് പരാജയങ്ങള്‍ തിരിച്ചടിയായി.

ബഡേ മിയാന്‍ മാത്രമല്ല, 190 കോടിയില്‍ നിര്‍മിച്ച ഗണ്‍പത് എന്ന ടൈഗര്‍ ഷ്രോഫ് ചിത്രവും ദുരന്തമായി മാറി. അക്ഷയ് കുമാറിനെ നായകനാക്കി നിര്‍മ്മിച്ച ബെല്‍ബോട്ടം, കട്ട്പുത്‌ലി, മിഷന്‍ റാണിഗഞ്ജ് എന്നീ സിനിമകളെല്ലാം ബോക്‌സ് ഓഫിസില്‍ കനത്ത പരാജമായിരുന്നു. അക്ഷയ് കുമാറിന് നിലവില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും താരം പ്രതിഫലം കുറിച്ചിട്ടില്ല.

ബഡേ മിയാന്‍ ഛോട്ടേ മിയാനില്‍ താരം കൈപ്പറ്റിയ പ്രതിഫലം 100 കോടി രൂപയാണ്. ടൈഗര്‍ ഷ്രോഫിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ ഫ്‌ളോപ്പ് ചിത്രമായി ബഡേ മിയാന്‍ ചോട്ടെ മിയാന്‍ മാറി, എങ്കിലും 35-40 കോടിക്കടുത്ത് രൂപയാണ് ടൈഗര്‍ ഈ ചിത്രത്തിനായി കൈപ്പറ്റിയത്.

Read more