സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തില്‍; പ്രശസ്ത യുവസംവിധായകന്‍ മടങ്ങി വരുന്നു

സുരേഷ് ഗോപി വീണ്ടും പൊലീസ് കഥാപാത്രമാകുന്നു. ഈ അടുത്തിടെ റിലീസ് ചെയ്ത പാപ്പനിലും പോലീസ് കഥാപാത്രമാണ് സുരേഷ് ഗോപി ചെയ്തത് എങ്കിലും, അതില്‍ ഒരു റിട്ടയേര്‍ഡ് പോലീസ് ഓഫീസര്‍ വേഷത്തിലാണ് അദ്ദേഹമെത്തിയത്.

എന്നാല്‍ വീണ്ടും പോലീസ് യൂണിഫോമില്‍ സുരേഷ് ഗോപിയെത്തുന്ന ഒരു മാസ്സ് ആക്ഷന്‍ ചിത്രവുമായി വരികയാണ് യുവ സംവിധായകരില്‍ ശ്രദ്ധേയനായ ഹനീഫ് അദേനി. മമ്മൂട്ടി നായകനായ ദി ഗ്രേറ്റ് ഫാദര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം സംവിധാനം ചെയ്ത് കൊണ്ടരങ്ങേറ്റം കുറിച്ച ഹനീഫ് അദേനി,

മമ്മൂട്ടി തന്നെ നായകനായ ഷാജി പാടൂര്‍ ചിത്രം അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥയും രചിച്ചു. സൂപ്പര്‍ഹിറ്റായ ആ ചിത്രത്തിന് ശേഷം പിന്നെ നമ്മള്‍ ഹനീഫ് അദനിയെ കണ്ടത് സംവിധായകന്റെ കുപ്പായത്തിലാണ്.

നിവിന്‍ പോളി നായകനായ മിഖായേല്‍ എന്ന ആക്ഷന്‍ ചിത്രമാണ് അദ്ദേഹമൊരുക്കിയത്. ആന്റോ ജോസഫ് നിര്‍മ്മിക്കാന്‍ പോകുന്ന ഹനീഫ് അദനിയുടെ പുതിയ ചിത്രം ഒരു പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് എത്തുന്നത്. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ലിച്ചി നായികാ വേഷം ചെയ്യാന്‍ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ ആരംഭിക്കും.

വമ്പന്‍ ബഡ്ജറ്റിലാണ് ഈ ഹനീഫ് അദനി- സുരേഷ് ഗോപി ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ജിബു ജേക്കബ് ഒരുക്കിയ മേം ഹൂം മൂസയാണ് സുരേഷ് ഗോപിയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. അതിലെ പ്രകടനത്തിന് അദ്ദേഹത്തിന് പ്രേക്ഷകരില്‍ നിന്ന് പ്രശംസ ലഭിച്ചിരുന്നു.