നയന്‍താരയെ കാണാനെത്തി ഷാരൂഖ് ഖാന്‍, വളഞ്ഞ് ആരാധകര്‍, വൈറലായി വീഡിയോ

നയന്‍താരയുടെ അത്ഥിയായെത്തി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാനും നയന്‍താരയും പ്രധാന വേഷത്തിലെത്തുന്ന ‘ജവാന്‍’ എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ വസതിയിലായിരുന്നു സന്ദര്‍ശനം. അറ്റ്ലീയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അര മണിക്കൂറോളം ഷാരൂഖ് ഖാന്‍ നയന്‍താരയുടെ വസതിയില്‍ ചെലവഴിച്ചിരുന്നു. താരം പുറത്തിറങ്ങിയതോടെ ആരാധകര്‍ ചുറ്റുംകൂടി. സെല്‍ഫിയെടുക്കാനും കാണാനുമായി ആരാധകര്‍ തിരക്ക് കൂട്ടുന്നതിനിടെ ഷാരൂഖ് ഖാന്‍ നയന്‍താരയോട് യാത്ര പറഞ്ഞ് കാറില്‍ കയറി. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

അതേസമയം, ജവാന്റെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. ഫെബ്രുവരി മുതലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

ഇരട്ട വേഷത്തിലാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നതെന്നാണ് വിവരങ്ങള്‍. വിജയ് സേതുപതി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. 2023 ജൂണില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.