പ്രതിസന്ധികളിലും തളരാതെ കാന്താര ടീം, റിഷഭ് ഷെട്ടിയുടെ ജന്മദിനത്തിൽ രണ്ടാം ഭാ​ഗത്തെ കുറിച്ചുളള നിർണായക അപ്ഡേറ്റ്

കാന്താര സിനിമയുടെ രണ്ടാം ഭാ​ഗമായ കാന്താര ചാപ്റ്റർ 1ന്റെ പുതിയ പോസ്റ്റർ റിഷഭ് ഷെട്ടിയുടെ ജന്മദിനത്തിൽ പങ്കുവച്ച് അണിയറക്കാർ. ബി​ഗ് ബജറ്റ് ചിത്രത്തിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. മുൻപ് പ്രഖ്യാപിച്ച റിലീസ് തീയതിയിൽ തന്നെ കാന്താര രണ്ടാം ഭാ​ഗം എത്തുമെന്നാണ് അണിയറക്കാർ പോസ്റ്ററിലൂടെ അറിയിച്ചിരിക്കുന്നത്. അടുത്തിടെ ഒന്നിന് പുറകെ ഒന്നായി സിനിമയെ വിട്ടുപിരിയാതെ ദുരന്തങ്ങൾ പിന്തുടർന്നിരുന്നു. മൂന്ന് പേരാണ് കാന്താര സിനിമയുടെ ഭാഗമായി പ്രവർത്തിച്ചവരിൽ അടുത്തിടെ മരിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ബോട്ട് അപകടവും ഉണ്ടായിരുന്നു.

ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ രണ്ടാം ഭാ​ഗത്തിന്റെ റിലീസ് വൈകുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നത്. എന്നാൽ‌ ഈ അഭ്യൂഹങ്ങളെല്ലാം തളളി നിർമാതാക്കളായ ഹോംബാലെ തന്നെ കാന്താരാ പാർട്ട് 1ന്റെ റിലീസ് തിയതി പ്രേക്ഷകരെ അറിയിക്കുകയായിരുന്നു. ഈ വർഷം ഒക്ടോബർ 2 നാണ് കാന്താര പാർട്ട് 1 തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിലെ റിഷഭ് ഷെട്ടിയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഒരു പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. 2022 ലാണ് റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ ‘കാന്താര’ ആദ്യഭാഗം റിലീസ് ചെയ്തിരുന്നത്.

കെജിഎഫിന് ശേഷം കന്നഡയിൽ നിന്നും ഇന്ത്യയെമ്പാടും തരം​ഗമായി മാറിയ ചിത്രമായിരുന്നു കാന്താര. കന്നഡയിൽ മാത്രം ആദ്യം റിലീസ് ചെയ്ത ചിത്രം പിന്നീട് പ്രേക്ഷകാഭിപ്രായങ്ങളെ തുടർന്ന് മറ്റ് ഭാഷകളിലും മൊഴി മാറ്റി പ്രദർശനത്തിന് എത്തുകയായിരുന്നു. കാന്താരയിലെ അഭിനയത്തിന് റിഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. അഭിനയത്തിന് പുറമെ റിഷഭ് ഷെട്ടി തന്നെയാണ് കാന്താരയുടെ രണ്ട് ഭാ​ഗങ്ങളും എഴുതി സംവിധാനം ചെയ്യുന്നത്. കാന്താര ആദ്യ ഭാ​ഗത്തിന്റെ പ്രീക്വലായാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നത്. 150 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിൽ നിന്ന് നടൻ ജയറാമും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

View this post on Instagram

A post shared by Hombale Films (@hombalefilms)

Read more