'നിങ്ങളെ ആവശ്യമില്ല എന്ന് അവര്‍ മുഖത്തു നോക്കി പറഞ്ഞു, തകര്‍ച്ചയുടെ വക്കിലായിരുന്നു'; എ. ആര്‍ റഹമാന് പിന്നാലെ 'ഓസ്‌കാര്‍ ശാപ'ത്തെ കുറിച്ച് റസൂല്‍ പൂക്കുട്ടി

ബോളിവുഡില്‍ തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നണ്ടെന്ന് സംഗീത സംവിധായകന്‍ എ.ആര്‍ റഹമാന്‍ വെളിപ്പെടുത്തിയിരുന്നു. “സ്ലംഡോഗ് മില്യണയര്‍”ക്ക് ഓസ്‌കാര്‍ ലഭിച്ചതിന് ശേഷം തന്നെയും ബോളിവുഡില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് സൗണ്ട് ഡിസൈനറും എഡിറ്ററുമായ റസൂല്‍ പൂക്കുട്ടി.

എ.ആര്‍ റഹമാന് പിന്തുണയുമായി സംവിധായകനും അക്കാദമി അവാര്‍ഡ് ജേതാവുമായ ശേഖര്‍ കപൂര്‍ രംഗത്തെത്തിയിരുന്നു. ഓസ്‌കാര്‍ നേടിയതാണ് താങ്കളുടെ പ്രശ്‌നത്തിന് കാരണം എന്നാണ് ശേഖര്‍ പറഞ്ഞത്. ഇതിന് മറുപടിയായാണ് റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം. പലരും തന്റെ മുഖത്തു നോക്കി താങ്കളെ ആവശ്യമില്ലെന്ന് പറഞ്ഞു, അതോടെ താന്‍ തകര്‍ച്ചയുടെ വക്കിലായിരുന്നുവെന്ന് റസൂല്‍ ട്വീറ്റ് ചെയ്തു.

“”എന്റെ എല്ലാ പോസ്റ്റുകളും എന്റെ ടൈംലൈനില്‍ കാണുന്നില്ല, അത് തെറ്റായി വ്യാഖ്യാനിക്കപ്പെടാതിരിക്കാന്‍ ഇവിടെ വീണ്ടും പോസ്റ്റു ചെയ്യുന്നു. ഓസ്‌കാര്‍ ശാപം അവസാനിച്ചു, ഞങ്ങള്‍ മുന്നോട്ട് പോയി. സ്വജനപക്ഷപാത ചര്‍ച്ചയും പോകുന്ന ദിശയും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ സമാധാനം! അവരുടെ സിനിമകളില്‍ എന്നെ എടുക്കുന്നില്ല എന്നതില്‍ ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല”” എന്ന ക്യാപ്ഷനോടെയാണ് ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ റസൂല്‍ പൂക്കുട്ടി പങ്കുവെച്ചിരിക്കുന്നത്.

റസൂല്‍ പൂക്കുട്ടിയുടെ ട്വീറ്റുകള്‍:

പ്രിയപ്പെട്ട ശേഖര്‍ കപൂര്‍ ഇതേക്കുറിച്ച് എന്നോട് ചോദിക്കൂ, ഓസ്‌കാര്‍ ലഭിച്ചതിന് ശേഷം ഹിന്ദി സിനിമകളില്‍ ആരും ജോലി നല്‍കാത്തതിനാല്‍ ഞാന്‍ തകര്‍ച്ചയുടെ വക്കിലായിരുന്നു, എന്നാല്‍ പ്രദേശിക സിനിമകളില്‍ സജീവമായി…””ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ല”” എന്ന് ചില പ്രൊഡക്ഷന്‍ ഹൗസുകള്‍ മുഖത്തു നോക്കി പറഞ്ഞു. എങ്കിലും ഞാന്‍ ഇപ്പോഴും സിനിമാ മേഖലയെ സ്‌നേഹിക്കുന്നു.

എങ്ങനെ സ്വപ്‌നം കാണണമെന്ന് ഇതെന്നെ പഠിപ്പിച്ചു…എന്നില്‍ വിശ്വസിക്കുന്ന ഒരുപിടി ആളുകളുണ്ട്, അവര്‍ ഇപ്പോഴും വിശ്വസിക്കുന്നു. ഹോളിവുഡിലേക്ക് എനിക്ക് എളുപ്പത്തില്‍ ചേക്കേറാന്‍ സാധിക്കും, പക്ഷേ ഞാന്‍ പോയില്ല, പോവുകയുമില്ല… ഇവിടെ ചെയ്ത ജോലിക്ക് സൗണ്ട് ഡിസൈനിങ്ങിന് ആറു തവണ ഓസ്‌കാര്‍ നാമനിര്‍ദേശം ചെയ്യപ്പെടുകയും വിജയിക്കുകയും ചെയ്തു. എല്ലായ്‌പ്പോഴും പലരും നിങ്ങളെ നിരാശപ്പെടുത്തും എന്നാല്‍ മറ്റാരെക്കാളും എന്റെ ആള്‍ക്കാരില്‍ എനിക്ക് കൂടുതല്‍ വിശ്വാസമുണ്ട്.

വളരെക്കാലം കഴിഞ്ഞ് ഞാന്‍ എന്റെ അക്കാദമി അംഗങ്ങളായ സുഹൃത്തുക്കളുമായി ഇതിനെ കുറിച്ച് സംസാരിച്ചു. ഓസ്‌കാര്‍ ശാപം എല്ലാവരും അഭിമുഖീകരിക്കുന്നു. നിങ്ങള്‍ ലോകത്തിന്റെ മുകളിലായിരിക്കുമ്പോഴും ആളുകള്‍ നിങ്ങളെ നിരസിക്കുന്നുവെന്ന് അറിയുമ്പോഴും ആ ഘട്ടത്തിലൂടെ കടന്നുപോകുന്നത് ഞാന്‍ ആസ്വദിച്ചു, ഇത് ഏറ്റവും വലിയ യാഥാര്‍ത്ഥ്യമാണ്.