കാന്‍സര്‍ ബാധിതനായ കുട്ടി ആരാധകന്റെ ആഗ്രഹം നിറവേറ്റി രാം ചരണ്‍; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

കാന്‍സര്‍ ബാധിച്ച കുട്ടി ആരാധകനെ ആശുപത്രിയില്‍ എത്തി കണ്ട് നടന്‍ രാം ചരണ്‍. രാവുല മണി കൗശല്‍ എന്ന ഒന്‍പതുകാരനെയാണ് രാം ചരണ്‍ ആശുപത്രിയില്‍ എത്തി കണ്ടത്. കുട്ടി താരത്തിന് മുന്നിലിരുന്ന് സംസാരിക്കുന്ന രാം ചരണിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറാലായി കൊണ്ടിരിക്കുന്നത്.

സംവിധായകന്‍ ശങ്കറിനൊപ്പം ഒരു തമിഴ്-തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് രാം ചരണ്‍ ഇപ്പോള്‍. ഷൂട്ടിംഗിനിടെയാണ് വെള്ളിയാഴ്ച താരം ഹൈദരാബാദിലെ സ്പര്‍ശ് ആശുപത്രിയില്‍ എത്തിയത്. രാം ചരണിന്റെ ഈ ഹൃദ്യംഗമമായ പ്രവര്‍ത്തിക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

രാം ചരണിന്റെ ആരാധകര്‍ ആയതില്‍ തങ്ങള്‍ അഭിമാനിക്കുന്നു എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഈ മനുഷ്യന്‍ ശരിക്കും എളിമയും ദയയുള്ളവനുമാണ് എന്നും പലരും കുറിക്കുന്നുണ്ട്. അതേസമയം, ആദ്യമായാണ് ശങ്കറിനൊപ്പം രാം ചരണ്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്. രാം ചരണിന്റെ 15-ാമത്തെ സിനിമയാണിത്.

Read more

ഇതിന് ശേഷം ബുചി ബാബു സന എന്ന സംവിധായകനൊപ്പം ഒരു സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രത്തിലും രാം ചരണ്‍ വേഷമിടും. ഇതിനോടൊപ്പം, ജീവിതത്തില്‍ അച്ഛനാകാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് താരം. കഴിഞ്ഞ വര്‍ഷമാണ് രാം ചരണും താനും മാതാപിതാക്കളാകാന്‍ പോകുന്ന വിവരം നടന്റെ ഭാര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.