'ആരാധക കൂട്ടായ്മയെ തഴഞ്ഞ് മുന്‍ ബി.ജെ.പിക്കാര്‍ക്ക് പ്രധാന സ്ഥാനം'; ഇടഞ്ഞ് രജനി ആരാധകര്‍

രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ആരാധക കൂട്ടായ്മ. തങ്ങളെ തഴഞ്ഞ് പുറത്തു നിന്നുള്ളവര്‍ക്ക് പദവികള്‍ നല്‍കിയതിനാലാണ് ആരാധക കൂട്ടായ്മ രജനി മക്കള്‍ മന്‍ട്രം അതൃപ്തി അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സുപ്രധാന സ്ഥാനങ്ങള്‍ ബിജെപിയില്‍ നിന്നുമെത്തിയ അര്‍ജുന മൂര്‍ത്തി തുടങ്ങിയവര്‍ക്ക് നല്‍കിയിരുന്നു.

ഇതാണ് രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളെ അസ്വസ്ഥരാക്കിയിരിക്കുന്നത്. ബിജെപിയില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയിലെത്തിയ ആര്‍ എ അര്‍ജുന മൂര്‍ത്തിയെ ചീഫ് കോര്‍ഡിനേറ്ററായും തന്റെ രാഷ്ട്രീയ ഉപദേശകനായ തമിഴരുവി മണിയനെ ഓവര്‍സിയറായുമാണ് രജനി പ്രഖ്യാപിച്ചത്. തങ്ങളെ തഴഞ്ഞ് പുറത്തു നിന്നുള്ളവര്‍ക്ക് പദവി നല്‍കിയത് ആത്മവിശ്വാസം തകര്‍ത്തെന്ന് ഭാരവാഹികള്‍ പ്രതികരിച്ചു.

രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണ് തമിഴരുവി മണിയന്‍ എങ്കിലും രജനി മക്കള്‍ മന്‍ട്രത്തിനൊപ്പം ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. അദ്ദേഹം സ്വന്തം പാര്‍ട്ടിയായ ഗാന്ധി മക്കള്‍ മന്‍ട്രത്തിന്റെ അദ്ധ്യക്ഷന്‍ കൂടിയാണ്. കൂടാതെ അര്‍ജുന മൂര്‍ത്തിയ്ക്ക് പ്രധാന പദവി നല്‍കിയതാണ് പാര്‍ട്ടിയെ ഏറെ ഞെട്ടിച്ചത്.

പാര്‍ട്ടിയുമായോ ആരാധക കൂട്ടായ്മയുമായോ ബന്ധമില്ലാതിരുന്ന ഇവരുടെ നേതൃത്വത്തില്‍ എന്ന ആശങ്കയിലാണ് ഭാരവാഹികള്‍. കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ സെക്രട്ടറിമാര്‍ക്ക് സ്ഥാനം നല്‍കാതിരുന്നതിലും ഭാരവാഹികള്‍ക്ക് പരാതിയുണ്ട്. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ വര്‍ഷം ഡിസംബര്‍ മൂന്നിനാണ് ഡിസംബര്‍ 31- ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് രജനി അറിയിച്ചത്.