റഹ്മാൻ പിന്മാറി; 'സൂര്യ 45' ചിത്രത്തിന് സംഗീതമൊരുക്കുക സായ് അഭ്യങ്കർ

‘കങ്കുവ’ക്ക് ശേഷം സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സൂര്യ 45’. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് നേരത്തെ ആരംഭിച്ചിരുന്നു. എആർ റഹ്മാനെയായിരുന്നു ആദ്യം ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ ചിത്രത്തിൽ നിന്ന് റഹ്മാൻ പിന്മാറിയതിന് പിന്നാലെ സംഗീത സംവിധാനം മറ്റൊരാൾ ഏറ്റെടുത്തുവെണ്ണ വാർത്തകളാണ് പുറത്ത് വരുന്നത്.

പ്രേക്ഷകരുടെ പ്രിയങ്കരനും യുവ ഗായകനും സംഗീത സംവിധായകനുമായ സായ് അഭ്യങ്കറാണ് ചിത്രത്തിൽ ഇനി സംഗീത സംവിധാനം നിർവഹിക്കുക. ‘കാട്ച്ചി സേര’, ‘ആസ കൂടാ’ തുടങ്ങിയ ഗാനങ്ങളിലൂടെ ജന്മനസുകൾ കീഴടക്കിയ സായ് അഭ്യങ്കർ ഗായകരായ ടിപ്പുവിൻ്റെയും ഹരിണിയുടെയും മകൻകൂടിയാണ്.


അണിയറപ്രവർത്തകരാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി പങ്കുവെച്ചിരിക്കുന്നത്. സായ് അഭ്യങ്കർ സംഗീതം നൽകുന്ന രണ്ടാമത്തെ സിനിമയാകും സൂര്യ 45. ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്ത് രാഘവ ലോറൻസ് നായകനാകുന്ന ‘ബെൻസ്’ എന്ന സിനിമയിലാണ് സായ് ഇപ്പോൾ വർക്ക് ചെയ്യുന്നത്. അതേസമയം വിവാഹമോചനത്തെ തുടര്‍ന്ന് എആര്‍ റഹ്മാന്‍ സംഗീതമേഖലയില്‍ നിന്നും ചെറിയ ഇടവേള എടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ അപ്ഡേറ്റ്.