പ്രയാഗ മാര്‍ട്ടിന്‍ തെലുങ്കിലേക്ക്; നന്ദമൂരി ബാലകൃഷ്ണയുടെ നായികയാകാന്‍ ഒരുങ്ങി താരം

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി പ്രയാഗ മാര്‍ട്ടിന്‍. നടന്‍ നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രത്തിലാണ് പ്രയാഗ നായികയാവുന്നത്. ഐഎഎസ് ഓഫീസറുടെ വേഷത്തില്‍ ആകും പ്രയാഗ ചിത്രത്തിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാലകൃഷ്ണ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണിത്. അഘോരയുടെ വേഷത്തിലും ബാലകൃഷ്ണ അഭിനയിക്കും എന്നും അഭ്യൂഹങ്ങളുണ്ട്. അഞ്ജലിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും. മിര്‍യാല രവീന്ദര്‍ റെഡ്ഡിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. റൂളര്‍, എന്‍ടിആര്‍ സിനിമകളുടെ പരാജയത്തിന് ശേഷം ബാലകൃഷ്ണയുടെ പുതിയ ചിത്രമാണിത്.

നന്ദമൂരി ബാലകൃഷ്ണയുടെ നൂറ്റിയാറാമത്തെ ചിത്രം കൂടിയാണിത്. “എന്‍ബികെ 106” എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. നവംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭൂമിയിലെ മനോഹര സ്വകാര്യം ആയിരുന്നു പ്രയാഗയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പിസാസ് എന്ന തമിഴ് സിനിമയിലൂടെയാണ് പ്രയാഗ നായികയായി അരങ്ങേറ്റം കുറിച്ചത്. ഒരു മുറൈ വന്ത് പാര്‍ത്തായ സിനിമയാണ് മലയാളത്തില്‍ താരം നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം.