നയന്‍താരയുടെ ആക്ഷന്‍ ത്രില്ലര്‍, 'നെട്രികണ്‍' ഫസ്റ്റ്‌ലുക്ക്

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയാകുന്ന “നെട്രികണ്‍” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഗ്നേശ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. കൈയ്യില്‍ ആയുധമേന്തി, മുഖം മുറിഞ്ഞ് രക്തം ഒലിക്കുന്ന രീതിയിലാണ് നയന്‍താരയെ പോസ്റ്ററില്‍ കാണാന്‍ സാധിക്കുക.

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നെട്രികണ്‍ നയന്‍താരയുടെ 65-ാമത്തെ സിനിമയാണ്. നടന്‍ അജ്മല്‍ അമീറും ചിത്രത്തില്‍ വേഷമിടുന്നു എന്നാണ് സൂചനകള്‍. ചിത്രത്തില്‍ അന്ധയുടെ വേഷത്തിലാകും നയന്‍താര എത്തുക എന്നാണ് സൂചനകള്‍.


നേരത്തെ പുറത്തുവിട്ട ടൈറ്റില്‍ പോസ്റ്ററില്‍ അന്ധര്‍ക്ക് വായിക്കാനുള്ള അക്ഷരലിപി കാണിച്ചിരുന്നത്. അതേസമയം, നെട്രികണ്‍ കൊറിയന്‍ ചിത്രം ബ്ലൈന്‍ഡിന്റെ റീമേക്ക് ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അപകടത്തില്‍ കാഴ്ച നഷ്ടപ്പെടുന്ന സമര്‍ഥയായ പൊലീസ് ഉദ്യോഗസ്ഥയുടെ കഥയാണ് ബ്ലൈന്‍ഡ് പറയുന്നത്.

രജനീകാന്ത് നായകനായി 1981ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു “നെട്രികണ്‍”. ഈ പേര് രജനിയുടെ അനുമതിയോടെയാണ് സിനിമയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.