ബച്ചന്റെ സണ്‍ഗ്ലാസ് തപ്പി മോഹന്‍ലാല്‍; രണ്‍ബീറിനെ കൊണ്ട് വല്യ ശല്യമായല്ലോയെന്ന് മമ്മൂട്ടി- വീഡിയോ വൈറല്‍

ഇന്ത്യന്‍ സിനിമാലോകത്തെ എല്ലാ പ്രമുഖ താരങ്ങളും ഒന്നിച്ച മള്‍ട്ടി സ്റ്റാര്‍ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമിതാഭ് ബച്ചനും രജനികാന്തും മമ്മൂട്ടിയും മോഹന്‍ലാലും രണ്‍ബീര്‍ കപൂറും ചിരഞ്ജീവിയും ആലിയ ബട്ടും പ്രിയങ്ക ചോപ്ര തുടങ്ങി പ്രമുഖ താരങ്ങളെല്ലാം തന്നെ ഷോര്‍ട്ട് ഫിലിമില്‍ അണി നിരന്നിരിക്കുന്നു.

അമിതാഭ് ബച്ചന്‍ കളഞ്ഞു പോയ തന്റെ സണ്‍ഗ്ലാസ് തപ്പുന്നതാണ് വീഡിയോയുടെ പ്രമേയം. വീഡിയോയുടെ വിവിധ ഘട്ടങ്ങളിലായി എല്ലാ താരങ്ങളും തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നു. “നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ രണ്‍ബീറെ” എന്ന രസികന്‍ ഡയലോഗാണ് മമ്മൂട്ടി വീഡിയോയില്‍ പറയുന്നത്. ബച്ചന്റെ സണ്‍ഗ്ലാസ് തപ്പണമെങ്കില്‍ സ്വന്തം ഗ്ലാസ് ആദ്യം കണ്ടുപിടിക്കണമെന്നായിരുന്നു മോഹന്‍ലാലിന്റെ കമന്റ്.

കൊവിഡ് 19 ബോധവത്കരണത്തിന്റെ ഭാഗമായും സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കുന്നതിനു വേണ്ടിയുമാണ് ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. മെയ്ഡ് അറ്റ് ഹോം എന്നാണ് വീഡിയോയ്ക്ക് പേരു കൊടുത്തിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്നാണ് താരങ്ങള്‍ വിഡിയോയ്ക്കായി ഒന്നിച്ചത്. താരങ്ങളെല്ലാം അവരവരുടെ ഭാഷകളിലാണ് വീഡിയോയില്‍ സംസാരിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.