എനിക്ക് വൈരാഗ്യമുണ്ട്, ഫിയോക്കിനെ കൈകാര്യം ചെയ്യാന്‍ ദൈവം അവസരം തന്നു: മരക്കാര്‍ റിലീസ് വിഷയത്തില്‍ ലിബര്‍ട്ടി ബഷീര്‍

ഫിയോക് തന്നോട് ചെയ്ത അനീതിയ്ക്ക് പകരം ചോദിക്കാന്‍ ലഭിച്ച അവസരമാണ് മരക്കാര്‍ റിലീസ് വിഷയമെന്ന് ലിബര്‍ട്ടി ബഷീര്‍. മുമ്പ് കൂട്ടായി എടുത്ത പല തീരുമാനങ്ങളില്‍ നിന്നും തന്നെ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തവരോട് തനിക്ക് വൈരാഗ്യമുണ്ടാകുന്നത് സ്വഭാവികമല്ലേ എന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ഫിയോക് നശിപ്പിക്കണമെന്ന വിചാരമൊന്നും എനിക്കില്ല. പക്ഷേ വന്നു കിട്ടിയ അവസരം കൈകാര്യം ചെയ്യാനാണ് തീരുമാനം. ദൈവം തന്ന അവസരം ഞാന്‍ ഉപയോഗിക്കുന്നു അത്ര മാത്രം. അന്ന് മനസ്സറിഞ്ഞു ഫിയോക്കിന്റെ പ്രസിഡന്റായ ആളല്ല ആന്റണി പെരുമ്പാവൂര്‍. അവരെല്ലാം കൂടി നിര്‍ബന്ധിച്ച് ആക്കിയതാണ്. എന്നെ നാല് മാസം വിലക്കിയപ്പോള്‍ അന്ന് സഹായിക്കാന്‍ ഈ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും മാത്രമേ ഉണ്ടായിട്ടുള്ളൂ. ഒരു മീറ്റിംഗില്‍ അദ്ദേഹം പറഞ്ഞു ഇനിയും നിങ്ങളുടെ തിയേറ്റര്‍ തുറക്കാന്‍ അവര്‍ അനുമതി നല്‍കിയില്ലെങ്കില്‍ എന്റെ പടം തരും, ഒന്നിനും നിങ്ങള്‍ വഴങ്ങേണ്ട എന്നു പറഞ്ഞു. ആ കടപ്പാട് എനിക്ക് അവരോട് ഉണ്ട്.