ദുല്‍ഖറിനെയും നിര്‍മ്മാണ കമ്പനിയെയും ഞങ്ങള്‍ വിലക്കില്ല; ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍

സല്യൂട്ട് ഒ.ടി.ടിക്ക് കൊടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിക്കും ഫിയോക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇപ്പോഴിതാ നടന്‍ ദുല്‍ഖര്‍ സല്‍മാനെയും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസിനെയും തങ്ങള്‍ വിലക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍. ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് ഈ തീരുമാനം ഉണ്ടായത്.

സംഘടനയ്ക്ക് കീഴിലുളള തിയേറ്ററുകളില്‍ ദുല്‍ഖര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് രാംദാസ് മാധ്യമങ്ങളെ അറിയിച്ചു. ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരുമായി തങ്ങള്‍ക്ക് യാതൊരു അകല്‍ച്ചയുമില്ലെന്നും ഇരുവരെയും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഫിയോക്കില്‍ നിന്നും പലരും തിരിച്ചു വരുന്ന സാഹചര്യമാണ് ഉള്ളതെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് പുറത്താക്കാനുള്ള നീക്കമുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇന്നുണ്ടായിരുന്നു. സംഘടനയുടെ ആജീവനാന്ത ചെയര്‍മാനും വൈസ് ചെയര്‍മാനുമാണ് ഇരുവരും.