'ഇന്ത്യന്‍ 2' സെറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി നല്‍കി കമല്‍ഹാസന്‍

“ഇന്ത്യന്‍ 2” സിനിമയുടെ സെറ്റില്‍ ഉണ്ടായ ക്രെയ്ന്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ ധനസഹായം നല്‍കി കമല്‍ഹാസന്‍. സംവിധായകന്‍ ശങ്കറും കമലും നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നാല് കോടി രൂപയാണ് ധനസഹായം കൈമാറിയത്.

ഫെബ്രുവരി 19-നാണ് കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മധു, ആര്‍ട്ട് അസിസ്റ്റന്റ് ചന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണ എന്നിവര്‍ മരിച്ചത്. ഇവരുടെ കുടുംബത്തിന് ഒരു കോടി രൂപയും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലൈറ്റ്മാന് എണ്‍പത് ലക്ഷവും നിസാര പരിക്ക് പറ്റിയവര്‍ക്ക് പത്ത് ലക്ഷവും വീതം നല്‍കി.

മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് ഒരു കോടി രൂപ ധനസഹായം നല്‍കുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചത്. ഷൂട്ടിംഗ് സ്ഥലത്തുള്ളവരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് കമല്‍ഹാസന്‍ ലൈക പ്രൊഡക്ഷന്‍സിന് കത്തും നല്‍കിയിരുന്നു. നഷ്ടപരിഹാരം നിര്‍മ്മാതാക്കള്‍ ഉടന്‍ നല്‍കണമെന്ന് കത്തില്‍ കമല്‍ വ്യക്തമാക്കിയിരുന്നു.

Read more

സെറ്റുകളില്‍ സുരക്ഷയുടെ എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്നും അവ ഓഡിറ്റ് ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. അപകടം നടന്നിടത്തു നിന്നും മീറ്ററുകള്‍ മാത്രം അകലെയായിരുന്നു താനുണ്ടായിരുന്നത്. താനടക്കമുള്ളവര്‍ രക്ഷപ്പെട്ടത് അത്ഭുതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള അപകടങ്ങള്‍ പ്രൊഡക്ഷന്‍ ടീമിലുള്ള വിശ്വാസത്തെ പോലും തകര്‍ക്കുമെന്നും അന്ന് കമല്‍ പറഞ്ഞിരുന്നു.