കീഴടങ്ങിയില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടും; വിജയ് ബാബുവിനായി അര്‍മേനിയയിലെ എംബസിയെ സമീപിച്ച് പൊലീസ്

നടിയെ പീഡിപ്പിച്ച കേസില്‍ ജോര്‍ജിയയിലേക്ക് കടന്ന വിജയ് ബാബുവിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി പൊലീസ്. ഇന്ത്യയുമായി കുറ്രവാളികളെ കൈമാറാന്‍ ധാരണ ഇല്ലാത്ത രാജ്യമാണ് ജോര്‍ജിയ. ജോര്‍ജിയയില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതിനാല്‍ വിജയ് ബാബുവിനെ കണ്ടെത്താനായി അന്വേഷണ സംഘം ജോര്‍ജിയയുടെ അയല്‍രാജ്യമായ അര്‍മേനിയയിലെ എംബസിയുടെ സഹായം തേടിയിരിക്കുകയാണ്.

അര്‍മേനിയന്‍ എംബസിയുമായി ബന്ധപ്പെട്ട് വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് നീക്കം. വിജയ് ബാബു എത്രയും പെട്ടെന്ന് കീഴടങ്ങണമെന്ന് പൊലീസ് അന്ത്യശാസനം നല്‍കിയിരുന്നു. ഈ മാസം 24നുള്ളില്‍ കീഴടങ്ങാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് പൊലീസ് റദ്ദാക്കിയിരുന്നു. റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷ്ണര്‍ കഴിഞ്ഞ ദിവസം അറിയിച്ചു.

24നുള്ളില്‍ കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ വിജയ്ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടാനാണ് ശ്രമം. ഇതിനായി പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം വിജയ് ബാബുവിന്റെ മുന്‍കൂര്‍ജാമ്യഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഏപ്രില്‍ 29-ന് നല്‍കിയ ഹര്‍ജി വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.