സെന്‍സര്‍ഷിപ്പ് നിയമലംഘനത്തിന് മൂന്ന് വര്‍ഷം തടവും ഭീമമായ പിഴയും; ഹോങ്കോംഗിലെ സിനിമകള്‍ക്കും പൂട്ടിടാന്‍ ചൈന

പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിയതിന് പിന്നാലെ ഹോങ്കോംഗില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനൊരുങ്ങി ചൈന. പുതിയ സിനിമാ സെന്‍സര്‍ഷിപ്പ് നിയമങ്ങളിലൂടെയാണ് ചൈന ഇത് നടപ്പിലാക്കുന്നത്.
‘രാജ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് എന്ന മുഖവുരയോടെയാണ് പുതിയ നിയമങ്ങള്‍ ചൈനയുടെ അധീനതയിലുള്ള ഹോങ്കോംഗ് ഭരണകേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്.

‘രാജ്യസുരക്ഷ കൂടുതല്‍ ശക്തമായി നടപ്പാക്കനുതകുന്ന തരത്തിലാണ് പുതിയ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. ദേശീയ സുരക്ഷാ നിയമത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

നേരത്തെയിറങ്ങിയ സിനിമകളും ഇനി മുതല്‍ അധികൃതര്‍ പരിശോധിക്കും. രാജ്യസുരക്ഷക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയാല്‍ സിനിമയുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നാണ് നിയമത്തില്‍ പറയുന്നത്.

സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും 1 മില്യണ്‍ ഹോങ്കോംഗ് ഡോളര്‍ (95,34,997 രൂപ) പിഴയുമുണ്ടാകും. രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്ന് കണ്ടെത്തുന്ന സിനിമകള്‍ക്ക് പൂര്‍ണമായ വിലക്കേര്‍പ്പെടുത്താനും നിയമത്തില്‍ പറയുന്നുണ്ട്.