അമിതവണ്ണമുള്ള ആദ്യ നായിക, 'ബിയാന്‍ക'യെയും ഡിസ്‌നിയെയും വാഴ്ത്തി സോഷ്യല്‍ മീഡിയ

ആദ്യമായി അമിതവണ്ണമുള്ള നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ഡിസ്‌നി. ഡിസ്‌നി പ്ലസിന്റെ ‘റിഫ്‌ളക്ട്’ എന്ന ഷോര്‍ട്ട് ഫിലിം പ്രേക്ഷക പ്രശംസ നേടുകയാണ്. അമിത വണ്ണമുള്ള ബിയാന്‍ക ബാലെറ്റ് താരമാകുന്ന കഥയാണ് റിഫ്‌ളക്ട് പറയുന്നത്.

അതിസുന്ദരിമാരും സീറോ സൈസ് നായികമാരും നിറഞ്ഞതാണ് ഡിസ്‌നിയുടെ ഒട്ടുമിക്ക ചിത്രങ്ങളും. ബോഡി പോസിറ്റിവിറ്റി പകരുന്നതില്‍ ഈ കഥാപാത്രങ്ങള്‍ സഹായിക്കില്ലെന്ന് പലപ്പോഴും വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനാല്‍ തന്നെ ഡിസ്‌നി അവതരിപ്പിച്ച ബിയാന്‍ക ശ്രദ്ധ നേടുകയാണ്.

ബോഡി ഷെയിമിംഗിന് നിരവധിപ്പേര്‍ ഇരയാവുന്ന കാലഘട്ടത്തില്‍ സ്വന്തം ശരീരത്തേക്കുറിച്ച് അഭിമാനിക്കുള്ള വക നല്‍കുന്നതാണ് ചിത്രം സ്വന്തം ശരീരം കണ്ണാടിയില്‍ കാണുമ്പോള്‍ പ്രയാസം തോന്നുന്ന ആര്‍ക്കും ഈ ചിത്രം പ്രചോദനം നല്‍കും എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള അഭിപ്രായം.

ഹിലാരി ബ്രാഡ്ഫീല്‍ഡാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബാലെറ്റ് പരിശീനത്തിന് ഇടയില്‍ സ്വന്തം ശരീരം കണ്ണാടിയില്‍ കാണുന്ന നായിക ബിയാന്‍കയ്ക്ക് തോന്നുന്ന അപകര്‍ഷതയും പിന്നീട് അവ നൃത്തം ചെയ്യാനുള്ള കഴിവില്‍ മറക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.