ബ്ലഡി സ്വീറ്റ്; ദളപതി ഇനി ലിയോ ; വിജയ്-ലോകേഷ് ചിത്രം ടൈറ്റില്‍ വീഡിയോ

ലോകേഷ് കനകരാജ് – വിജയ് ചിത്രം ദളപതി 67 ന്റെ ടൈറ്റിലും ലുക്കും കാത്തിരുന്നവര്‍ക്ക് ആവേശമായി ടൈറ്റില്‍ പ്രഖ്യാപന വീഡിയോ ഇന്ന് പുറത്തു വന്നു. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ പേര് ലിയോ എന്നാണ്.

കശ്മീര്‍ താഴ്വരയില്‍ ഒരു വീട്ടില്‍, ചോക്കളേറ്റും അതിനോടൊപ്പം തന്നെ ഒരായുധവും നിര്‍മ്മിക്കുന്ന വിജയ്‌നെയാണ് ഈ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. നിര്‍മ്മിച്ച വാള്‍ ചോക്കലേറ്റില്‍ മുക്കി, അതിന്റെ രുചി നോക്കി ബ്ലഡി സ്വീറ്റ് എന്ന് ദളപതി പറയുന്നതോടെ ചിത്രത്തിന്റെ ടൈറ്റിലെത്തും.

ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ താരനിരയെ സംബന്ധിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ ഒരുപിടി അപ്ഡേറ്റുകള്‍ പുറത്തു വിട്ടിരുന്നു. ബോളിവുഡ് താരം സഞ്ജയ് ദത്ത്, ആക്ഷന്‍ കിംഗ് അര്‍ജുന്‍, സംവിധായകനായ മിഷ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍, മലയാള താരം മാത്യു തോമസ്, സാന്‍ഡി, പ്രിയ ആനന്ദ് എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് തൃഷയാണ്.

അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ലോകേഷ് കനകരാജ്- രത്‌ന കുമാര്‍- ധീരജ് വൈദി എന്നിവരാണ്. മനോജ് പരമഹംസ കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുക ഫിലോമിന്‍ രാജ്, ഇതിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുക അന്‍പ്-അറിവ് എന്നിവര്‍ ചേര്‍ന്നാണ്. തമിഴ്‌നാട്, കശ്മീര്‍ എന്നിവിടങ്ങളിലാണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്. ഇതിന്റെ കശ്മീര്‍ ഷെഡ്യൂള്‍ ഏതാനും ദിവസം മുന്‍പാണ് ആരംഭിച്ചത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഒക്ടോബര്‍ 19 ന് റീലീസ് ചെയ്യും.