ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ച സംഭവം; റോഷന്‍ ആന്‍ഡ്രൂസിന് ഫെഫ്കയുടെ ഷോ കോസ് നോട്ടീസ്

വീട്ടില്‍ കയറി ആക്രമിച്ചെന്ന ചലച്ചിത്ര നിര്‍മ്മാതാവായ ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് ഡയറക്ടേഴ്‌സ് യൂണിയന്‍ ഫെഫ്കയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സംഭവത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം എന്നു ചുണ്ടിക്കാണിച്ചാണ് ഡയറക്ടേഴ്‌സ് യൂണിയന്‍ റോഷന്‍ ആന്‍ഡ്രൂസിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഫെഫ്ക എക്‌സിക്യൂട്ടീവ് അംഗം ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കൊച്ചി പനമ്പിള്ളി നഗറിലുള്ള തന്റെ വീട്ടില്‍ എത്തി റോഷന്‍ ആന്‍ഡ്രൂസും സുഹൃത്ത് നവാസും ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണ് ആല്‍വിന്‍ ആന്റണി പരാതിയില്‍ പറയുന്നത്. ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. പരാതി അടിസ്ഥാനരഹിതമാണെന്നും ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി മയക്കു മരുന്നിന് അടിമയാണെന്നുമാണ് റോഷന്‍ പറയുന്നത്. താന്‍ മയക്കുമരുന്നിന് അടിമയാണെന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ആല്‍വിന്‍ ജോണ്‍ ആന്റണിയും പറയുന്നു.

Read more

പനമ്പിള്ളി നഗറിലുളള ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ ശനിയാഴ്ച രാത്രിയിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ വീടിന്റെ ജനാലചില്ലുകള്‍ തകര്‍ന്നിരുന്നു. ആല്‍വിനും കൂട്ടുകാരനും തന്നെ മര്‍ദ്ദിച്ചുവെന്നു കാണിച്ച് റോഷന്‍ ആന്‍ഡ്രൂസും പരാതി നല്‍കിയിട്ടുണ്ട്. ഇരുവരുടെയും പരാതിയില്‍ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.