ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിനെതിരെ (ആർസിബി) തൻ്റെ ടീമിൻ്റെ 27 റൺസിൻ്റെ തോൽവിക്ക് ശേഷം തോൽവിയുടെ കാരണം വിശദീകരിച്ച് എത്തിയിരിക്കുകയാണ് ചെന്നൈ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ്. ശനിയാഴ്ച ആർസിബിക്കെതിരെ മോശം പ്രകടനമാണ് ഗെയ്‌ക്‌വാദ് പുറത്തെടുത്തത്. ചെന്നൈ ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ ഗ്ലെൻ മാക്‌സ്‌വെൽ ഗോൾഡൻ ഡക്ക് ആയി പുറത്താക്കുക ആയിരുന്നു. മത്സരശേഷം സംസാരിച്ച ഗെയ്‌ക്‌വാദ്, ബെംഗളൂരുവിലെ വിക്കറ്റ് മികച്ചതായിരുന്നു എന്ന അഭിപ്രായമാണ് പറഞ്ഞത്.

ആദ്യ മത്സരം മുതൽ ടീമിന് ഏറെ വെല്ലുവിളികൾ നേരിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതീശ പതിരണയെയും മുസ്തഫിസുർ റഹ്മാൻ്റെയും പരിക്ക് ചെന്നൈ സാധ്യതകൾ തല്ലി കെടുത്തി എന്നും അദ്ദേഹം പറഞ്ഞു ഐപിഎൽ 2024 പ്ലേ ഓഫിൽ തങ്ങളുടെ സ്ഥാനം നേടുന്നതിൽ പരാജയപ്പെട്ടതിൽ താൻ അൽപ്പം നിരാശനാണെന്ന് സിഎസ്‌കെ നായകൻ വഴിപ്രായപെട്ടു.

“ഇതൊരു നല്ല വിക്കറ്റായിരുന്നു. സ്പിന്നർമാരെ സംബന്ധിച്ചിടത്തോളം അവർക്ക് ആധിപത്യം നേടാൻ സാധിച്ചു. അവർ അവരുടെ ഭാഗം ചെയ്തു. സീസൺ ചുരുക്കിപ്പറഞ്ഞാൽ, 14 കളികളിൽ ഏഴ് മത്സരങ്ങളിൽ ജയിക്കാനായതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. പരിക്കുകൾ ഞങ്ങളെ ചതിച്ചു. പതിരാനയ്ക്ക് പരിക്കേറ്റത് ശരിക്കും തളർത്തി. പക്ഷേ, വ്യക്തിപരമായ നാഴികക്കല്ലുകൾക്ക് വലിയ കാര്യമില്ല, ഞങ്ങൾക്ക് അത് നേടാനായില്ല, അതിനാൽ വ്യക്തിപരമായി ഞാനും നിരാശനാണ്.” ഋതുരാജ് പറഞ്ഞു.

ഐപിഎൽ 17ാം സീസണിൻരെ പ്ലേഓഫിലേക്ക് അവിശ്വസനീയമാംവിധം കുതിച്ചെത്തിയിരിക്കുകയാണ് ആർസിബി. നിർണ്ണായകമായ മത്സരത്തിൽ സിഎസ്‌കെയെ 27 റൺസിന് തോൽപ്പിച്ചാണ് ആർസിബി പ്ലേ ഓഫിൽ സീറ്റ് നേടിയത്. മത്സരത്തിൽ തനിക്ക് ഏറെ ആശ്വാസം തോന്നിയത് എംഎസ് ധോണിയുടെ വിക്കറ്റ് വീണപ്പോൾ ആണെന്ന് ആർ സി ബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ് പറഞ്ഞു. ധോണി ഔട്ടകുന്നത് വരെ ഉള്ളിൽ തോൽവി ഭയമുണ്ടായുരുന്നുവെന്ന് താരം പറഞ്ഞു.

ഞങ്ങൾ 175 റൺസ് ആണ് പ്രതിരോധിക്കുന്നത് എന്ന രീതിയിലാണ് ബോൾ ചെയ്തത്. എന്നിട്ടും അവർ അൽപ്പം അടുത്ത് എത്തി. ഒരു ഘട്ടത്തിൽ, എം എസ് ധോണി ക്രീസിൽ ഉള്ളപ്പോൾ, ഞാൻ ഭയന്നു. അവൻ ഇത് പലതവണ ചെയ്തതാണ്. ഇത്തരം അവസരങ്ങളിൽ അദ്ദേഹം ടീമിനെ ജയിപ്പിച്ചിട്ടുണ്ട്. ധോണിക്ക് എതിരെ യാഷ് ദയാൽ നന്നായി പന്തെറിഞ്ഞു. അവൻ പ്ലയർ ഓഫ് ദി മാച്ച് അർഹിക്കുന്നുണ്ട്- ഡുപ്ലസിസ് പറഞ്ഞു.

മത്സരത്തിൽ ധോണി 13 പന്തിൽ 25 റൺസ് എടുത്താണ് പുറത്തായത്. ടോസ് നേടിയ ചെന്നൈ ബംഗളൂരുവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ജീവന്മരണ പോരാട്ടത്തിൽ ചെന്നൈക്കു മുന്നിൽ ബംഗളൂരു 219 റൺസിന്റെ വിജയലക്ഷ്യമുയർത്തി. 201-ൽ കുറഞ്ഞ റൺസിന് ചെന്നൈയെ പിടിച്ചുനിർത്തിയാൽ മാത്രമേ ബെംഗളൂരുവിന് പ്ലേഓഫിൽ പ്രവേശിക്കാനാവുമായിരുന്നുള്ളൂ.

മറുപടിയായി ചെന്നൈക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടാനേ ആയുള്ളൂ. ഇതോടെ ബെംഗളൂരുവിന് 27 റൺസിന്റെ ജയവും പ്ലേഓഫ് യോഗ്യതയും കിട്ടി.