ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ ബാറ്റിങ്ങിന്റെ സമയത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന പന്തിന്റെ അവസ്ഥയിൽ ആർസിബി തൃപ്തർ ആയിരുന്നില്ല. ഔട്ട്‌ഫീൽഡ് നനഞ്ഞ അവസ്ഥയിൽ ആയിരുന്നതിനാൽ പന്തിലും നനവ് ഉണ്ടായിരുന്നു. അതിനാൽ തന്നെ ആ പന്തുമായി ബൗളർമാർ ബൗൾ ചെയ്യാൻ ബുദ്ധിമുട്ടുകയായിരുന്നു.

നിരവധി പന്തുകൾ ആർസിബി ബൗളർമാരുടെ കൈകളിൽ നിന്ന് വഴുതിവീണു, സിഎസ്‌കെക്ക് നോബോളുകളും ഫ്രീ ഹിറ്റുകളും ലഭിച്ചു. ഫാഫ് ഡു പ്ലെസിസും വിരാട് കോഹ്‌ലിയും പന്ത് മാറ്റാൻ അമ്പയർമാരോട് ആവർത്തിച്ച് അഭ്യർത്ഥിച്ചെങ്കിലും അവരുടെ അപേക്ഷ നിരസിച്ചു.

ഒടുവിൽ, എംഎസ് ധോണിയുടെ അവസാന ഓവറിലെ ഒരു സിക്‌സർ കാരണം പന്ത് മാറ്റാൻ ഉദ്യോഗസ്ഥരെ നിർബന്ധിതരാക്കി. മുൻ ചെന്നൈ ക്യാപ്റ്റൻ 110 മീറ്റർ സിക്‌സ് പറത്തി, ആ പന്ത് ഗ്രൗണ്ടിന് പുറത്തേക്ക് പോയി. അമ്പയർമാർക്ക് ഒരു പുതിയ പന്ത് ആവശ്യപ്പെടുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു, അത് ആർസിബിക്ക് അനുകൂലമായി പ്രവർത്തിച്ചു. തൊട്ടടുത്ത പന്തിൽ പുതിയ പന്തിൽ ധോണിയുടെ വിക്കറ്റ് വീണതോടെ മത്സരം ആർസിബിക്ക് അനുകൂലം ആയി. ചെന്നൈക്ക് പ്ലേഓഫിലേക്ക് യോഗ്യത നേടുന്നതിന് ഉള്ള 201 റൺസ് വിജയലക്ഷ്യം കൈവരിക്കാനായില്ല. യഥാർത്ഥ ലക്ഷ്യം 219 റൺസായിരുന്നു.

പതിനേഴാം സീസണിൽ ബെംഗളുരുവിന് വേണ്ടി മികച്ച ഫോമിലുള്ള ദിനേഷ് കാർത്തിക്, തൻ്റെ ഫ്രാഞ്ചൈസിയുടെ വിജയത്തിന് ധോണിയുടെ വലിയ സിക്സറിന് നൽകുക ആയിരുന്നു. “എംഎസ് ധോണി ചിന്നസ്വാമിക്ക് പുറത്ത് 110 എം സിക്‌സ് അടിച്ചതാണ് ഏറ്റവും വലിയ ട്വിസ്റ്റ്. അത് കാരണം ഞങ്ങൾക്ക് ഒരു പുതിയ പന്ത് കിട്ടി. അത് ഞങ്ങളെ സഹായിച്ചു,” അദ്ദേഹം പറഞ്ഞു.